സംസ്ഥാനത്ത് കെട്ടിടനിർമ്മാണ ചട്ടത്തിൽ സർക്കാർ ഈയിടെ വരുത്തിയ മാറ്റം സാധാരണക്കാരെ പാടേ മറന്നുകൊണ്ടുള്ളതാണ്. ഭൂമിക്ക് വജ്രത്തെക്കാൾ വിലയുള്ള കേരളത്തിൽ സ്വന്തമായി ഒരു തുണ്ടു ഭൂമിയും അതിലൊരു കിടപ്പാടവും പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ഏറ്റവും വലിയ ജീവിത സ്വപ്നമാണ്. കെട്ടിട നിർമ്മാണചട്ട ഭേദഗതിയോടെ ഈ സ്വപ്നമാണ് തകർന്നുടയുന്നത്. വസ്തുവിനു മുന്നിലൂടെ റോഡ് ഉണ്ടെങ്കിൽ മൂന്നു സെന്റ് പ്ളോട്ടാണെങ്കിലും നിർദ്ദിഷ്ട കെട്ടിടത്തിന്റെ റോഡിനോടു ചേർന്നുള്ള ഭാഗത്ത് മൂന്നുമീറ്റർ ഒഴിച്ചിടണമെന്ന പുതിയ ഭേദഗതിയാണ് പലരെയും വലയ്ക്കാൻ പോകുന്നത്. 1999-ലെ നിയമത്തിൽ രണ്ടുമീറ്റർ എന്ന നിബന്ധനയാണ് ഇപ്പോൾ പരിഷ്കരിച്ച് മൂന്നു മീറ്ററാക്കിയത്. ബഹുനില കെട്ടിടങ്ങൾക്കും മുൻഭാഗത്ത് മൂന്നു മീറ്റർ ഒഴിച്ചിട്ടാൽ മതിയെന്ന് ഭേദഗതി നിയമം അനുശാസിക്കുന്നു. വിവേചനം ഒറ്റനോട്ടത്തിൽത്തന്നെ പ്രകടമാണ്. സ്ഥലച്ചുരുക്കം കാരണം ഒരു സെന്റിലും രണ്ടു സെന്റിലും മൂന്നു സെന്റിലുമൊക്കെ വീടുവയ്ക്കേണ്ടി വരുന്നവർ ധാരാളമുണ്ട്. മൂന്നു മീറ്റർ നിബന്ധന ഇത്തരക്കാരെയാണ് പ്രതികൂലമായി ബാധിക്കാൻ പോകുന്നത്. ഇക്കഴിഞ്ഞ നവംബർ എട്ടിനു നിലവിൽ വന്ന പുതിയ ചട്ടപ്രകാരം പ്രത്യേക ഇളവുകളൊന്നും അനുവദിക്കുന്നുമില്ല. ദേദഗതിക്കു മുൻപ് വീട് നിർമ്മിക്കുന്ന സ്ഥലം ഒഴികെ പ്ളോട്ടിൽ മറ്റു ഭാഗങ്ങളിലെ മൊത്തം സ്ഥലം കണക്കാക്കി അനുമതി നൽകാൻ വകുപ്പുണ്ടായിരുന്നു. വശങ്ങളിലോ പിൻഭാഗത്തോ കൂടുതൽ സ്ഥലം വിട്ടുകൊണ്ട് പ്ളാൻ തയ്യാറാക്കി അനുമതി വാങ്ങാമായിരുന്നു. ഇപ്പോൾ അതിനുള്ള സാദ്ധ്യതയാണ് അടഞ്ഞിരിക്കുന്നത്. ബഹുനില മാളിക നിർമ്മിക്കാനും കൊച്ചുകൂര നിർമ്മിക്കാനും ഒരേ ചട്ടം പാലിക്കണമെന്നു വരുന്നതിലെ സാമാന്യ നീതിനിഷേധം സർക്കാർ മനസിലാക്കേണ്ടതായിരുന്നു. പുതിയ ചട്ടം തയ്യാറാക്കിയ ഉദ്യോഗസ്ഥ പ്രഭുക്കന്മാർ അത് മറന്നെങ്കിലും അന്തിമ ഉത്തരവ് പുറപ്പെടുവിച്ചവർ ചട്ട ഭേദഗതി മൂലം സാമാന്യ ജനങ്ങൾക്കുണ്ടാകാനിടയുള്ള പ്രയാസം ഓർക്കേണ്ടതായിരുന്നു. കണ്ണും മൂക്കുമില്ലാത്ത നിയമമെന്നു പറയുന്നത് ഇതാണ്.
കെട്ടിടനിർമ്മാണത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും സാധാരണക്കാരെ സഹായിക്കാൻ വേണ്ടിയുള്ളതായിരിക്കണം. നിർഭാഗ്യവശാൽ വൻകിട നിർമ്മാതാക്കൾക്കു വേണ്ടിയാണ് പലപ്പോഴും ഇവിടെ നിയമവും ചട്ടവുമൊക്കെ പൊളിച്ചെഴുതാറുള്ളത്. ഒറ്റമുറി വീടുണ്ടാക്കുന്ന സാധുക്കൾക്കും ബഹുനില മണിമാളിക പണിയുന്നവർക്കും ഒരുപോലെയാകരുത് കെട്ടിട നിർമ്മാണച്ചട്ടം.
കൂട്ടുകുടുംബങ്ങളുടെ സ്ഥാനത്ത് അണുകുടുംബങ്ങൾ വ്യാപകമായതോടെ സംസ്ഥാനത്ത് ഉള്ള ഭൂമി തുണ്ടുതുണ്ടായി വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആൺമക്കളായാലും പെൺമക്കളായാലും വിവാഹിതരായിക്കഴിഞ്ഞാൽ ആദ്യം നോക്കുന്നത് സ്വന്തമായി ഒരു വീടാണ്. കുടുംബത്തിൽ രണ്ടോ മൂന്നോ സെന്റ് ഭാഗം വാങ്ങി വീടുണ്ടാക്കും. അതിനു പാങ്ങില്ലെങ്കിൽ അടുത്തെവിടെയെങ്കിലും രണ്ടോ മൂന്നോ സെന്റ് വാങ്ങി വീട് പണിയും. നഗരപ്രദേശങ്ങളാണെങ്കിൽ ഇന്നത്തെ ഭൂമി വില ഓർത്താൽ സാധാരണക്കാർക്ക് ഒരു സെന്റ് ഭൂമി വാങ്ങാൻ ശേഷിയുള്ളവർ നന്നേ കുറയും. അത്ര ഉയർന്നാണ് ഭൂമി വില നിൽക്കുന്നത്. വീട് നിർമ്മാണത്തിന് സർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയന്ത്രണങ്ങൾ കൂടിയായതോടെ സ്വന്തം വീടെന്ന സ്വപ്നം പലർക്കും ഉപേക്ഷിക്കേണ്ടിവരും. സാധാരണക്കാരെ സഹായിക്കാൻ വേണ്ടി ഏർപ്പെടുത്തിയിരുന്ന ഇളവുകൾ മുൻപിൻ ആലോചിക്കാതെ എടുത്തുകളഞ്ഞാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ നിസാരമായി കാണരുത്. പഴയ കെട്ടിടങ്ങളിൽ കൂട്ടിച്ചേർക്കൽ വരുത്തുന്നതിനും മേൽക്കൂര മാറ്റുന്നതിനുമടക്കം ഒട്ടേറെ കാര്യങ്ങളിൽ പുതുതായി നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഫ്ളാറ്റ് നിർമ്മാതാക്കൾക്കും ഒട്ടേറെ പുതിയ കുരുക്കുകൾ സമ്മാനിച്ചുകൊണ്ടാണ് പുതിയ കെട്ടിട നിർമ്മാണചട്ടം പ്രാബല്യത്തിൽ വന്നത്. അവർക്ക് ശക്തമായ സംഘടന ഉള്ളതുകൊണ്ട് പരിഹാര നടപടികൾ ഉണ്ടായേക്കും. സാധാരണക്കാരുടെ പ്രശ്നം ഏറ്റെടുക്കാനാണല്ലോ ആളില്ലാത്തത്. അതിനാൽ കെട്ടിട നിർമ്മാണ ചട്ട ഭേദഗതിക്കെതിരെ ഉയർന്നുവന്നിട്ടുള്ള പരാതികൾ പരിശോധിക്കുന്ന വേളയിൽ തുണ്ടു ഭൂമിയിലെ നിർമ്മാണത്തിനുള്ള കർക്കശ നിയന്ത്രണങ്ങൾ കൂടി ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. വികസന കാഴ്ചപ്പാടിൽ നോക്കുമ്പോൾ ഭേദഗതി നിയമത്തിൽ തെറ്റൊന്നുമില്ലെന്നു തോന്നാമെങ്കിലും പ്രായോഗികമായ വിഷമതകൾ കണക്കിലെടുക്കുക തന്നെ വേണം.
എല്ലാ കുടുംബങ്ങൾക്കും സ്വന്തമായി വീട് എന്നതാണല്ലോ ഭരണകൂട സങ്കല്പം. എന്നാൽ അതിനു വിരുദ്ധമാണ് ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും. ഏതേതെല്ലാം വിധത്തിൽ സാധാരണക്കാരെ കഷ്ടപ്പെടുത്താനാവുമെന്നാണ് ഓരോ വിഭാഗവും ചിന്തിക്കുന്നതും പെരുമാറുന്നതും. ഭൂമി സ്വന്തം പേരിലാക്കുന്ന ഘട്ടം മുതൽ തുടങ്ങുകയാണ് കഷ്ടകാലം. റവന്യൂ - തദ്ദേശ വകുപ്പ് അധികൃതരിൽ നിന്ന് അനുമതി പത്രം വാങ്ങൽ ഉൾപ്പെടെ ഗൃഹനിർമ്മാണത്തിന്റെ ഓരോ ഘട്ടവും പരീക്ഷണ ഘട്ടങ്ങളാണ്. നിയമങ്ങളും ചട്ടങ്ങളും വൻമതിലുകളായി സാധാരണക്കാരന്റെ മുന്നിൽ എപ്പോഴും ഉണ്ടാകും. അതിനൊപ്പം സർക്കാർ നീതിബോധമില്ലാതെ നടപ്പാക്കുന്ന നിയമ ഭേദഗതി കൂടിയാകുമ്പോൾ വല്ലാതെ കഷ്ടപ്പെട്ടുപോകും.