തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാനും റവന്യു ബോർഡ് ഒന്നാം മെമ്പറും ആയിരുന്ന കവടിയാർ ചെറുവട്ടോലിൽ സി.കെ കൊച്ചുകോശി (97) ഗുജറാത്തിലെ ഗാന്ധിനഗറിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് അഹമ്മദാബാദ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ.
കോഴഞ്ചേരി പുല്ലാട് സ്വദേശിയായ കൊച്ചുകോശി ഡൽഹിയിൽ സെൻട്രൽ വാട്ടർ കമ്മിഷനിൽ അസി. ഡയറക്ടറായും ആൾ ഇന്ത്യ റേഡിയോയിൽ ടാക്‌സ് ഓഫിസറായും പ്രവർത്തിച്ചു. 1952ൽ സിവിൽ സർവീസിലെത്തി. ഡവലപ്‌മെന്റ് കമ്മിഷണർ, ആഭ്യന്തര സെക്രട്ടറി, എക്‌സൈസ് കമ്മിഷണർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഇന്നത്തെ ചീഫ് സെക്രട്ടറിക്കു തുല്യമായ റവന്യു ബോർഡ് ഒന്നാം മെമ്പർ പദവിയിലെത്തിയ അദ്ദേഹം കെ.എസ്.ഇ.ബി ചെയർമാനായിരിക്കെ 1979ലാണ് വിരമിച്ചത്.
പ്രഗല്ഭനായ ഉദ്യോഗസ്ഥൻ എന്നതിനൊപ്പം ഒട്ടേറെപ്പേരെ സിവിൽ സർവീസിലേക്ക് എത്തിച്ച ഗുരു കൂടിയായിരുന്നു കൊച്ചുകോശി. അദ്ദേഹത്തിന്റെ പരിശീലനത്തിൽ രണ്ടു മക്കൾ സിവിൽ സർവീസിലെത്തി. മക്കളെ പരിശീലിപ്പിച്ചതിന്റെ പ്രചോദനത്തിലാണു സിവിൽ സർവീസ് അക്കാദമിക്ക് അദ്ദേഹം രൂപം നൽകിയത്. കേരളത്തിലെ ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു. 2014ൽ മക്കൾക്കൊപ്പം ഗുജറാത്തിലേക്കു താമസം മാറ്റി.
ഭാര്യ: പരേതയായ ഗ്രെയ്‌സ്. മക്കൾ: സി.കെകോശി (മുൻ അഡിഷണൽ ചീഫ് സെക്രട്ടറി, ഗുജറാത്ത്), ലളിത മാത്യു (കുന്നംകുളം), പുഷ്പ തോമസ് മാത്യു (കാനഡ), സി.കെ.മാത്യു (മുൻ ചീഫ് സെക്രട്ടറി, രാജസ്ഥാൻ). മരുമക്കൾ: എലിസബത്ത് കോശി (ഡയറക്ടർ, ചൈതന്യ സ്‌കൂൾ, ഗുജറാത്ത്), കുന്നംകുളം പനയ്ക്കൽ രവി മാത്യു, പുതുപ്പള്ളി ഒറ്റപ്ലാക്കൽ തോമസ് മാത്യു (കാനഡ), ഗീത മാത്യു.