തിരുവനന്തപുരം: കാമുകിയെ സ്വന്തമാക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർത്താവിനെയും കാമുകിയെയും ഇന്നലെ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി.ഉദയംപേരൂർ വിദ്യ കൊലക്കേസിൽ കേസിലെ പ്രതികളായ പ്രേംകുമാറിനെയും കാമുകി സുനിതാ ബേബിയെയും, വിദ്യ കൊല്ലപ്പെട്ട പേയാട് ഗ്രാൻഡ്ടെക് വില്ലയിലാണ് ആദ്യമെത്തിച്ചത്.
രാവിലെ പത്തിനു ശേഷം എറണാകുളം ഉദയംപേരൂർ സി.ഐ.കെ.ബാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും ടെംപോ ട്രാവലറിൽ പേയാട്ട് എത്തിച്ചത്. പത്തരയോടെ ജില്ലാ സയന്റിഫിക് ഓഫീസർ ആർ.ആർ.രഞ്ജു എത്തിയ ശേഷം പ്രതികളെ വാഹനത്തിൽ നിന്ന് പുറത്തിറക്കി, വീട്ടിലും പരിസരത്തും വച്ച് തെളിവെടുത്തു. കിടപ്പുമുറിയിലെ വാതിൽപ്പടിയിൽ പറ്റിയിരുന്ന രക്തം തെളിവായി കണ്ടെടുത്തു. കൊല നടത്തിയത് എങ്ങനെയെന്ന് പ്രതികൾ വിശദീകരിച്ചു. ഫോറൻസിക് വിദഗ്ദ്ധർ വീടു പരിശോധിച്ച് വിരലടയാളവും രക്തസാമ്പിളുകളും ശേഖരിച്ചു. തെളിവെടുപ്പ് ഒന്നര മണിക്കൂറിലധികം നീണ്ടു.
പ്രേംകുമാർ കാമുകിയായ സുനിതയെ ആറു മാസം മുമ്പു തന്നെ പേയാട്ടെ വില്ലയിൽ താമസിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിദ്യയ്ക്ക് അമിതമായി മദ്യം നൽകിയശേഷം കഴുത്തിൽ കയർകൊണ്ട് കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. പേയാട്ടെ തെളിവെടുപ്പിനു ശേഷം പ്രതികളെ കളിയിക്കാവിളയിൽ എത്തിച്ചു. വിദ്യയെ കൊലപ്പെടുത്തിയ ശേഷം പേയാട്ടെ വില്ല വിട്ട ഇരുവരും കളിയിക്കാവിളയിൽ വാടകയ്ക്ക് വീടെടുത്താണ് പിന്നീട് താമസിച്ചത്.
വിദ്യയുടെ മൃതദേഹം തിരുനെൽവേലിയിലെത്തിക്കാൻ ഉപയോഗിച്ച കാർ പ്രേംകുമാർ കളിയിക്കാവിളയിലാണ് വില്പന നടത്തിയിരുന്നത്. ഈ കാർ കണ്ടെത്തിയാൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസ് പറഞ്ഞു. തിരുനെൽവേലി ഹൈവേയ്ക്ക് അരികിലാണ് വിദ്യയുടെ മൃതദേഹം ഉപേക്ഷിച്ചത്.
കേസിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ഉദയംപേരൂർ സി.ഐ. ബാലൻ പറഞ്ഞു. കൊലയ്ക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം. റൂറൽ എസ്.പി. ബി.അശോക്, നെടുമങ്ങാട് ഡിവൈ.എസ്.പി.സ്റ്റുവർട്ട് കീലർ, സി.ഐ.മാരായ അനിൽകുമാർ (മലയിൻകീഴ്) ഷാജി (വിളപ്പിൽശാല) തുടങ്ങിയവരും തെളിവെടുപ്പിന് എത്തി.
കൂസലില്ലാതെ പ്രതികൾ
കൊല നടത്തിയതിന്റെ യാതൊരു കുറ്റബോധമോ പശ്ചാത്താപമോ പ്രേംകുമാറിന്റെയും സുനിതയുടെയും മുഖത്തുണ്ടായിരുന്നില്ല. സുനിത ഇടയ്ക്കിടെ കാമറകൾ നോക്കി പുഞ്ചിരിച്ചു. കാമറാ ഫ്ലാഷുകൾ തുരുതുരാ മിന്നിയപ്പോൾ പൊലീസ് വാഹനത്തിന്റെ സീറ്റിലേക്ക് തലകുനിച്ചിരുന്നു. വാഹനത്തിന്റെ പിൻസീറ്റിലിരുന്ന പ്രേംകുമാർ നിസംഗഭാവത്തിലായിരുന്നു. നഖം കടിച്ചു കാമറകൾ നോക്കിയും കൂസലില്ലാതെ പ്രേംകുമാർ ഇരുന്നു.