തിരുവനന്തപുരം: തിരുവല്ലത്തിനടുത്ത് വണ്ടിത്തടത്തിൽ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് ഏഴംഗ സംഘം ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ പൊള്ളലേൽപ്പിക്കുകയും ചെയ്ത യുവാവ് മരിച്ചു. വണ്ടിത്തടം പാപ്പാൻചാണി പുതുവൽ പുത്തൻ വീട്ടിൽ സ്റ്രീഫന്റെ മകൻ അജേഷാണ് (30) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ ആറ് പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.
ശംഖുംമുഖം ലെനാ റോഡിൽ റോസ് ഹൗസിൽ ആമത്തലയൻ എന്ന് വിളിക്കുന്ന ജിനേഷ് വർഗീസ് (28), കരമന മിത്രാ നഗർ മാടൻകോവിലിന് സമീപം ഷഹാബുദ്ദീൻ (43), കുമാരപുരം സെന്റ്.ജോർജ് ലെയ്ൻ റ്റി.സി. 14/ 1157ൽ അരുൺ (29), ചെറിയതുറ ഫിഷർമെൻ കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന സജൻ (33), പാപ്പാൻചാണി പൊറ്റവിള വീട്ടിൽ റോബിൻസൺ (39), മലപ്പുറം സ്വദേശി സജിമോൻ (35) എന്നിവരാണ് അറസ്റ്റിലായത്. പാച്ചല്ലൂർ സ്വദേശിയായ ആട്ടോ ഡ്രൈവറെ പിടികൂടാനുണ്ട്.
മുട്ടയ്ക്കാട് ജംഗ്ഷനിൽ നിന്ന് സംഘം ബുധനാഴ്ച അജേഷിനെ പിടിച്ചുകൊണ്ടുപോയി അയാളുടെ വീട്ടിൽ കൊണ്ടുചെന്നാണ് മൃതപ്രായനാക്കിയത്. അജേഷ് പുറത്തേക്കോടി സമീപത്തെ പറമ്പിൽ കുഴഞ്ഞുവീണു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. നാല്പത് ശതമാനം പൊള്ളലേറ്റ് ഐ.സി.യുവിലായിരുന്ന യുവാവ് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു.
പൊലീസ് പറയുന്നത്:
കഴിഞ്ഞ ബുധനാഴ്ച രാവിലെ മലപ്പുറം സ്വദേശിയായ സജിമോന്റെ മൊബൈൽ ഫോണും നാല്പതിനായിരം രൂപയടങ്ങിയ ബാഗും തമ്പാനൂർ ബസ് സ്റ്രാൻഡിൽ മോഷണം പോയി. കാതിൽ കമ്മൽ ധരിച്ച യുവാവ് ഈ ഭാഗത്ത് കറങ്ങി നടന്നെന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോയതു കണ്ടെന്നും ചിലർ പറഞ്ഞ പ്രകാരം സജിമോനും പിറകേ പോയി. കിഴക്കേകോട്ടയിലെത്തിയ ഇയാൾ കാര്യങ്ങൾ അവിടത്തെ ആട്ടോ ഡ്രൈവർമാരോട് പറഞ്ഞു. രൂപസാദൃശ്യം കൊണ്ട് അത് അജേഷാണെന്ന് പാച്ചല്ലൂർ സ്വദേശിയായ ആട്ടോഡ്രൈവർ കൂടെയുള്ളവരോട് പറഞ്ഞു.
തുടർന്ന് ഇവർ ആട്ടോയിൽ സജിമോനൊപ്പം വണ്ടിത്തടം ജംഗ്ഷനിലെത്തി. പാപ്പാൻചാണി സ്വദേശിയായ റോബിൻസണിന്റെ സഹായത്തോടെ അജേഷിന് കണ്ടെത്തി ആട്ടോയിൽ കയറ്റി അജേഷിന്റെ വീട്ടിലെത്തിച്ചു. വീട്ടിൽ തെരച്ചിൽ നടത്തിയിട്ടും മൊബൈലും ബാഗും കണ്ടുകിട്ടാത്തതിൽ പ്രകോപിതരായ പ്രതികൾ കമ്പുകൊണ്ട് അടിക്കുകയും അജേഷിന്റെ ജനനേന്ദ്രിയത്തിലും പിൻഭാഗത്തും വെട്ടുകത്തി ചൂടാക്കി പൊള്ളിക്കുകയും ചെയ്തു. തുടർന്ന് ചൂട്ടും ഉണക്കക്കൊള്ളികളും ശരീരത്തിൽ വച്ച് പെട്രോളൊഴിച്ച് കത്തിച്ചു. സമീപത്തെ വയലിൽ വൈകിട്ടോടെ അവശനിലയിൽ അജേഷിനെ കണ്ടെത്തിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിരുവല്ലം പൊലീസെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികൾക്കെതിരെ ബുധനാഴ്ച തന്നെ വധശ്രമത്തിന് കേസെടുത്തതായി തിരുവല്ലം പൊലീസ് പറഞ്ഞു. അഞ്ച് പ്രതികളെ ബുധനാഴ്ച രാത്രി തന്നെ അറസ്റ്ര് ചെയ്തിരുന്നു. ഇന്നലെ വൈകിട്ടോടെ സജിമോനെയും പിടികൂടി. മരണം നടന്നതോടെ കൊലപാതക്കുറ്റം ചുമത്തി. അജേഷിനെ സംഘം ആട്ടോയിൽ കയറ്റികൊണ്ടുപോകുന്ന സിസി ട.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മുൻപ് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജേഷ് ലഹരിക്കടിമയായിരുന്നു. അജേഷ് തനിച്ചാണ് താമസം. അമ്മ ഓമന മകൾ പ്രിയക്കൊപ്പമാണ്. മൃതദേഹം ഇന്നലെ വൈകിട്ടോടെ പാലപ്പൂരിലെ വസതിയിൽ സംസ്കരിച്ചു.