wedding

മുസാഫർ നഗർ: വിവാഹവേദിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച വരനെയും കൂട്ടരെയും വധു അടിച്ചുപുറത്താക്കി. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സിസൗലി ഗ്രാമത്തിലായിരുന്നു സംഭവം.ഉത്തരേന്ത്യൻ വിവാഹങ്ങളിൽ വധുവിന്റെ ആളുകൾ വരന്റെ ചെരിപ്പ് ഒളിപ്പിച്ചു വച്ച് പണം വാങ്ങിക്കുന്ന ഒരു ചടങ്ങുണ്ട്. 'ജൂത്താ ചുറായി' എന്നാണ് ഇൗ ചടങ്ങ് അറിയപ്പെടുന്നത്. വിവാഹത്തിനിടെ ഇൗ ചടങ്ങ് നടത്താൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.

പൊതുവെ തമാശ രീതിയിലാണ് ഇൗ ചടങ്ങ് നടത്തുന്നത്. എന്നാൽ വരനായ വിവേക് കുമാറിനെ ഇതത്ര ഇഷ്ടപ്പെട്ടില്ല. ചെരിപ്പ് ഒളിപ്പിച്ചു വച്ച വധുവിന്റെ കൂട്ടുകാരികളെ അയാൾ അസഭ്യം പറയാൻ തുടങ്ങി. വധുവിന്റെ മറ്റുകൂട്ടുകാരും ബന്ധുക്കളും വിവേകിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ‌ ‌വിവേക് കൂടുതൽ പ്രകോപിതനാവുകയും അസഭ്യ വർഷം തുടരുകയും ചെയ്തു. ഇതിനിടെ ഒരാളെ മർദ്ദിക്കുകയും ചെയ്തു.

അതോ‌ടെ പ്രശ്നം വീണ്ടും വഷളായി. സംഭവത്തെക്കുറിച്ച് അറിഞ്ഞ വധു വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ചിലർ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വഴങ്ങാത്ത വധു വരനെയും ബന്ധുക്കളെയും അടിച്ചുപുറത്താക്കി. സ്ഥലംവിടാനൊരുങ്ങിയ വരനെയും പിതാവിനെയും രണ്ട് ബന്ധുക്കളെയും വധുവിന്റെ ബന്ധുക്കൾ തടഞ്ഞു വച്ചു. സ്ത്രീധന ഇനത്തിൽ നൽകിയ പത്ത് ലക്ഷം രൂപ തിരികെ നൽകാമെന്ന് വരന്റെ ബന്ധുക്കൾ പൊലീസിന്റെ സാന്നിധ്യത്തിൽ ഉറപ്പു നൽകിയതോടെയാണ് ഇവരെ വിട്ടയച്ചത്.