peyad

മലയിൻകീഴ്: ഭർത്താവും കാമുകിയും ചേർന്ന് വിദ്യയെ കൊലപ്പെടുത്തിയ എസ്. 26 വില്ലയിൽ മൂകത നിറഞ്ഞ് നിൽക്കുകയായിരുന്നു.

ഇന്നലെ തെളിവെടുപ്പിന് പ്രതികളെ കൊണ്ട് വന്നപ്പോൾ സമീപത്തെ വില്ലയിലുള്ള വിരലിലെണ്ണാവുന്ന സ്ത്രീകൾ സമീപം നിന്ന് നോക്കിയതൊഴിച്ചാൽ മാദ്ധ്യമ പ്രവർത്തകരും പൊലീസും മാത്രമാണുണ്ടായിരുന്നത്.

പൊലീസിന് വിവരങ്ങൾ നൽകാൻ പോലും ആരുമുണ്ടായിരുന്നില്ല. ഒടുവിൽ ഒരു വൃദ്ധനാണ് പൊലീസിന് വിവരങ്ങൾ കൈമാറിയത്. വില്ലയിൽ ആരാെക്കെയാണ് കഴിയുന്നതെന്ന് പോലും പരസ്പരം അറിയാത്തവരാണ് ഏറെയും. വിദ്യയുടെ കൊല നടന്ന് രണ്ട് മാസം പിന്നിട്ട് പൊലീസ് ആദ്യ തെളിവെടുപ്പിന് കൊണ്ട് വന്നപ്പോഴാണ് സമീപവാസികൾ സംഭവം അറിയുന്നത് പോലും. കൊലനടന്ന എസ്. 26 വില്ലയിൽ പ്രേംകുമാർ ഒഴിഞ്ഞ ശേഷം വേറെ വാടകക്കാർ താമസിക്കാൻ തയ്യാറെടുക്കുമ്പോഴാണ് പൊലീസ് പ്രതികളെ തെളിവെടുപ്പിന് കൊണ്ട് വന്നത്. കൊല നടന്ന വീട്ടിൽ സംഭവമറിയാതെയാണ് പുതിയ താമസക്കാരെത്തിയത്.

പേയാട് ചെറുപാറയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമീണാന്തരീക്ഷത്തിലുള്ള ഗ്രാൻടെകിൽ 112 വില്ലകളാണുള്ളത്.ഇതിൽ 15 വില്ലകളിൽ മാത്രമാണ് സ്ഥിര താമസക്കാരുള്ളത്. അതിൽ കൂടുതലും വാടകയ്ക്ക് താമസിക്കുന്നവരാണ്. ബാക്കിയുള്ളവ ഒഴിഞ്ഞ് കിടക്കുകയാണ്. 60 വില്ലകൾക്ക് ഉടമസ്ഥരുണ്ടെന്നാണ് വില്ലയിൽ മകനോടൊപ്പം കഴിയുന്ന സീനിയർ സിറ്റിസൺ നൽകിയ വിവരം. എന്നാൽ പല വില്ലയിലും ആളനക്കമുണ്ടാകുന്നത് വല്ലപ്പോഴുമാണ്. വില്ല 52 ഒഴിഞ്ഞ് കിടക്കുകയാണ്. മൂന്ന് സെന്റിൽ രണ്ട് ബെഡ് റൂം, ഹാൾ, കിച്ചൺ, ബാത്ത് റൂം,സിറ്റൗട്ട് എന്നി സൗകര്യങ്ങളാണ് ഭൂരിഭാഗം വില്ലയിലുമുള്ളത്. 30 - 35 ലക്ഷം രൂപയ്ക്കാണ് ഇവ വിറ്റിരിക്കുന്നത്.വില്ല അവസാനിക്കുന്നത് കരമന ആറിന്റെ അരികിലാണ്.