pinu

തിരുവനന്തപുരം: കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ പൗരന്മാരായി കണക്കാക്കാനാവില്ലെന്ന് ആര് പ്രഖ്യാപിച്ചാലും അത് നടപ്പാക്കാൻ സൗകര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ്. അല്ലാതെ ആർ.എസ്.എസ് സൃഷ്ടിക്കുന്ന അജൻഡകളോടല്ലെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ- പ്രതിപക്ഷങ്ങൾ സംയുക്തമായി രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന ഉറപ്പു നൽകുന്ന മതനിരപേക്ഷതയുടെ പിന്നാലെയാണ് കേരളം. പൗരത്വഭേദഗതി നിയമം നടപ്പാക്കാനാവില്ലെന്ന് പറയുമ്പോൾ സംസ്ഥാനത്തിന് ഇത്തരമൊരു തീരുമാനമെടുക്കാമോ എന്ന് പലരും ആശങ്കപ്പെടുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രൂപീകരിക്കുന്നതും നിലനിൽക്കുന്നതും പൗരത്വനിയമങ്ങളെല്ലാം ഉണ്ടായതും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതും അതിന്റെ അടിസ്ഥാനത്തിലാണ്. അത് അട്ടിമറിക്കാൻ ആര് മുന്നോട്ടുവന്നാലും പൊരുതുന്നത് സത്യപ്രതിജ്ഞാ ലംഘനമല്ല, അതിനോടുള്ള കൂറ് പുലർത്തലാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ തകർത്തെറിയാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ല.

പൗരത്വഭേദഗതി നിയമം മതനിരപേക്ഷതയെയും മൗലികാവകാശങ്ങളെയും ചോദ്യം ചെയ്യുന്നതിലാണ് പ്രതിഷേധമുള്ളത്. പൗരത്വത്തിന്റെ അടിസ്ഥാനം മതമാകുമ്പോൾ രാഷ്ട്രം മതരാഷ്ട്രമായിത്തീരുന്നു. മതത്തിന്റെ പേരിലുള്ള പൗരത്വത്തെ ഇല്ലാതാക്കേണ്ടതുണ്ട്. അടിച്ചമർത്തലിന്റെ പേരു പറഞ്ഞാണ് ഈ നിയമം അവതരിപ്പിച്ചത്. അടിച്ചമർത്തലിന് ഏറ്റവും കൂടുതൽ വിധേയമായ ജനവിഭാഗങ്ങളെ ഇവർ ബോധപൂർവം വിസ്മരിച്ചു. ആർ.എസ്.എസ് അജൻഡ നടപ്പാക്കാനുള്ള ആദ്യ ചുവടുവയ്പാണ് ഇതെന്ന് വ്യക്തം.

പൗരത്വപ്രശ്നം ഏതെങ്കിലും മതത്തിന്റെ പ്രശ്നമായി ചുരുക്കിക്കാണുന്നവർ മഹത്തായൊരു മുന്നേറ്റത്തെ ദുർബലപ്പെടുത്താനുള്ള മുദ്രാവാക്യങ്ങൾ ഒരുക്കുകയാണ്. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാർ ആശയങ്ങൾക്ക് പരവതാനി വിരിക്കുകയാണവർ. ഇത്തരം ആശയക്കാരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനുമാകണം. നാം ഇന്ത്യാക്കാരാണ് എന്ന പ്രാഥമിക പൗരബോധം ഉറപ്പിക്കാനുതകുന്ന ഘടന രൂപപ്പെടുത്തുകയെന്നതാണ് പൗരത്വനിയമത്തിന്റെ അടിസ്ഥാനമായിത്തീരേണ്ടത്. അതിന് പകരം ഞാൻ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചിന്തിപ്പിക്കാനുതകുന്ന നിയമങ്ങൾ രാഷ്ട്രത്തെ ദുർബലപ്പെടുത്താനേ സഹായിക്കൂ.

വിലക്കയറ്റം രൂക്ഷമായിത്തുടരുന്നു. കർഷകആത്മഹത്യ പെരുകുന്നു. നാട് വലിയ സാമ്പത്തിക പ്രതിസന്ധിയും അഭിമുഖീകരിക്കാൻ പോകുന്നുവെന്ന് ലോക ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് പകരം ജനങ്ങളെ ഭിന്നിപ്പിച്ച് കോർപറേറ്റ് അജൻഡകൾ കൊണ്ടുവരാനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എ.കെ. ബാലൻ, ഇ.ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കക്ഷിനേതാക്കളായ ഡോ.എം.കെ. മുനീർ, സി.കെ. നാണു, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, പി.സി. ജോർജ്, പന്ന്യൻ രവീന്ദ്രൻ, കെ.സി. ജോസഫ്, എ.വിജയരാഘവൻ എന്നിവരെക്കൂടാതെ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ ഹാജി, ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സ്വാമി സന്ദീപാനന്ദ ഗിരി, കെ.പി.എ.സി. ലളിത, പ്രൊഫ.എം.കെ. സാനു, ടി. പത്മനാഭൻ, പുന്നല ശ്രീകുമാർ, ഡോ. ഫസൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.