cd

തിരുവനന്തപുരം: പാവം ശംഖുംമുഖം ബീച്ചിൻെറ ഒരവസ്ഥ നോക്കണേ. മാെത്തം മാലിന്യം. നാട്ടുകാർ കൊണ്ടുതള്ളുന്നത് ഒരുവഴിക്ക്. കടൽ കരയ്ക്ക് തള്ളുന്നത് മറ്റൊരു വഴിക്ക്. ഇത് രണ്ടുംകൂടിയായതോടെ ശംഖുംമുഖം മാലിന്യത്താൽ വീർപ്പ്മുട്ടുകയാണ്. മനാേഹരമായ ബീച്ച് അങ്ങനെ മാലിന്യങ്ങളുടെ ബീച്ചായി മാറി.

വലിച്ചെറിയുന്നതിനുള്ള എളുപ്പ മാർഗ്ഗമെന്ന നിലയിൽ ഹോട്ടൽ ,ജൈവ മാലിന്യങ്ങളും ഇവിടെ തള്ളുന്നതായി നാട്ടുകാരുടെ പരാതിയുണ്ട്.

മാലിന്യം നീക്കാൻ എന്തെളുപ്പം

മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്കാണ്. അവർ നേരേ ചെയ്തില്ല എന്ന് പറയേണ്ടല്ലോ. മാലിന്യങ്ങൾ പെറുക്കിയെടുത്ത് അവിടെ തന്നെ കുഴിച്ചിട്ട് അവർ തടിതപ്പി. എന്തെളുപ്പം. കുഴിച്ചിട്ട് പോയവർ നഗരസഭയിൽ എത്തുന്നതിന് മുമ്പേ തിരകൾ അഞ്ഞടിച്ച് കുഴിയിൽ നിന്ന് മാലന്യങ്ങളെ പുറത്തിട്ടു. തീരത്ത് വീണ്ടും മാലിന്യ വിളയാട്ടമായി. നഗരസഭയുടെ ചവറ് നീക്കം കണ്ട് നിന്നവരെയും അമ്പരപ്പിച്ചു.

കടലിലെ ആവാസ വ്യവസ്ഥയ്ക്കും പ്ലാസ്റ്റിക് മാലിന്യം വലിയ രീതിയിൽ ആഘാതമേല്പിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച വലിയതുറയിൽ നിന്ന് മത്സ്യബന്ധനത്തിനുപോയവരുടെ വലയിൽ കുടുങ്ങിയത് മീനുകളായിരുന്നില്ല. കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യമായിരുന്നു. ഇതുമൂലം വലകൾ നശിച്ച് വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്. മാസങ്ങൾക്കു മുൻപ് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് വെട്ടുകാട്, ശംഖുംമുഖം, വലിയതുറ, കോട്ടപ്പുറം, പൂന്തുറ എന്നിവിടങ്ങൾ ശുചീകരിച്ച് ബോധവത്കരിച്ചു.

അമേരിക്കക്കാരന്റെ നെഞ്ചുരുകി

അമേരിക്കയിൽ നിന്ന് ഇന്ത്യാ സന്ദർശനം നടത്തുവാൻ എത്തിയ പരിസ്ഥിതി പ്രവർത്തകനും സഞ്ചാരിയുമായ നിക്കോളായ് തിമോഷ്ചുക്ക് ശംഖുംമുഖം കടൽ തീരത്തെത്തുകയും ഇത്രയും മനോഹരമായ കടൽ തീരത്തെ നശിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇദ്ദേഹം ശുചീകരണ പ്രവർത്തങ്ങളിലും പങ്കാളിയായി. മാലിന്യം വലിച്ചെറിയരുതെന്ന മുന്നറിയിപ്പ് ബോർഡുകൾ ഉൾപ്പടെ ഇവിടെയുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ല.