നെയ്യാറ്റിൻകര: ദേശീയപാതയിലെ കുലുങ്ങുന്ന പാലത്തിൽ അപകടങ്ങൾ പതിവാകുന്നു. പാലം കുലുങ്ങാൻതുടങ്ങിയിട്ട് നാളേറെയായി. അപകട നിലയിലായ പാലത്തിന് സമീപം സിഗ്നൽ ബോർഡോ മറ്റ് അപായ സൂചനാ ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല. അതു കൊണ്ട് തന്നെ ദേശീയപാതയിൽ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. സർ സി.പിയുടെ കാലത്ത് ബ്രിട്ടീഷ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ പണിതതാണ് ഈ പാലം.അതിനാൽ തന്നെ കുലുങ്ങുമെങ്കിലും പാലത്തിന് വലിയ ബലക്ഷയം ഉണ്ടായിട്ടില്ല. എന്നാൽ പാലത്തിന് സമീപത്തെ കലുങ്ക് ഇടിഞ്ഞു പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
പുതുതായി വീതി കൂട്ടുന്ന സംസ്ഥാനപാത 66 ന് 34.5 മീറ്റർ വീതി വേണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ പഴയ ദേശീയപാത 47 ൽ ടി.ബി ജംഗ്ഷന് സമീപത്തെ റോഡിൽ മരുത്തൂർ തോടിന് കുറുകെ നിർമ്മിച്ചിരിക്കുന്ന പാലം ഉൾപ്പെടുന്ന റോഡിന് കഷ്ടിച്ച് അഞ്ചുമീറ്റർ പോലും വീതിയില്ല. പലപ്പോഴും റോഡപകടം ഇവിടെ പതിവാണ്. തിരുവനന്തപുരത്തു നിന്നും ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ഈ കുഞ്ഞുപാലത്തിന് സമീപം കൈവരി ഇല്ലാത്തതിനാൽ നേരെ മരുത്തൂർ തോടിൽ വന്നു വീണിട്ടുണ്ട്.
അടുത്തിടെ ബൈക്കിലെത്തിയ ദമ്പതികൾ പാലത്തിന് സമീപം വന്നിടിച്ച് തോട്ടിലേക്ക് വന്നു വീണിരുന്നു.അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
ചരിത്രം
സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ നിണം വീണ അദ്ധ്യായത്തിൽ ഈ പാലത്തിനുമുണ്ട് പ്രാധാന്യം. സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ.പത്മനാഭ പിള്ളയെ അറസ്റ്റു ചെയ്യാനായി അന്നത്തെ ദിവാൻ അയച്ച പൊലീസ് സൂപ്രണ്ടിന്റെ കറുത്ത അംബാസിഡർ കാർ നാട്ടുകാർ മരുത്തൂർ തോട്ടിലേയ്ക്ക് തള്ളിമിറിച്ചിട്ടത് ഇതേ പാലത്തിന് സമീപത്താണ്. പിന്നീട് പ്രസിദ്ധമായ നെയ്യാറ്റിൻകര വെടിവെയ്പ് ഉണ്ടായതും ഇതേ പാലത്തിന് സമീപത്താണ്. തുടർന്ന് ബ്രിട്ടീഷ് പട്ടാളം ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടത്തിയ വെടിവെയ്പിൽ വീരരാഘവനുൾപ്പെടെ 7 പേർ രക്തസാക്ഷികളായിരുന്നു.
വികസനത്തിന്റെ മെല്ലെപ്പോക്ക്
കരമന മുതൽ കളിയിക്കാവിളവരെ ദേശീയപാത വികസിപ്പിക്കാൻ പദ്ധതി കൊണ്ടു വന്നിട്ടും പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള പാത വികസനം ഒച്ചിഴയും വേഗതയിലാണ് നടക്കുന്നത്. നേരത്തേ ഇവിടെ അറുന്നൂറിലേ തൊഴിലാളികൾ പണി ചെയ്തിരുന്നിടത്ത് ഇപ്പോൾ ഇരുന്നൂറിൽ താഴെയാണ് തൊഴിലാളികൾ.
ഇവിടത്തെ റോഡ് പണിയും മുടങ്ങിക്കിടപ്പാണ്. ബാലരാമപുരം ജംഗ്ഷനിലെ പാതവികസനം സംബന്ധിച്ച അലൈൻമെന്റ് ഇതു വരെ പൂർത്തിയാക്കിയിട്ടില്ല. ബാലരാമപുരം ജംഗ്ഷൻ വഴി ഫ്ലൈഓവർ നിർമ്മിച്ചാൽ ഇപ്പോഴത്തെ ബാലരാമപുരത്തെ കച്ചവടം കുറയുമെന്ന ഭീതിയിലാണ് കച്ചവടക്കാർ. അതേ സമയം സർവീസ് റോഡ് നിലനിറുത്തിയിട്ട് ഫ്ലൈഓവർ വഴി സംസ്ഥാന പാത നിർമ്മിച്ചാൽ ബാലരാമപുരത്തെ ഇപ്പോഴത്തെ കച്ചവടത്തിന് അധികം കോട്ടം വരില്ലെന്നാണ് സാദ്ധ്യതാ പഠന റിപ്പോർട്ടിൽ വ്യക്തമാകുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഏതിനും ബാലരാമപുരത്ത് റോഡ് വികസനം വഴിമുട്ടിയാൽ നെയ്യാറ്റിൻകര നിവാസികളെയാണ് ഇത് ഏറെയും ബാധിക്കുക. റോഡ് വികസനത്തിലായി വസ്തു അളന്ന് തിട്ടപ്പെടുത്താത്ത് കാരണം വസ്തു വിൽക്കുവാനോ ഭാഗം വയ്ക്കുവാനോ കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർക്ക്.
പാത വികസനത്തിന് അടിയന്തരമായി റോഡ് അളന്ന്
തിട്ടപ്പെടുത്തണം. ഗ്രാമം പ്രവീൻ.വ്ലാങ്ങാമുറി വാർഡ് കൗൺസിലർ.
6 മാസം 20 വാഹനാപകടങ്ങൾ
പാലത്തിന് കൈവരിയില്ല
റോഡിന് വീതി തീരെയില്ല
അപകടങ്ങൾ പതിവ്
അപകട മുന്നറിയിപ്പ് ബോർഡില്ല
വാഹനങ്ങൾ തോട്ടിൽ വീഴുന്നു