തിരുവനന്തപുരം: ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെയും മൂല്യങ്ങളെയും മാറ്റാൻ ആർക്കും അധികാരമില്ലെന്ന് രക്തസാക്ഷി മണ്ഡപത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭരണ-പ്രതിപക്ഷങ്ങളുടെ സംയുക്ത പ്രക്ഷോഭത്തെ അഭിവാദ്യം ചെയ്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പൗരത്വ ഭേദഗതിനിയമം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുന്നു. അതിനെ ചോദ്യം ചെയ്താണ് എനിക്ക് വേണ്ടി സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകനായ വി. ഗിരി ഹർജി നൽകിയത്. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണുള്ളത്. പ്രതികരിക്കാനും പ്രതിഷേധിക്കാനും ആളുകൾ ഭയപ്പെടുന്നു. കോർപറേറ്റുകളാൽ നിയന്ത്രിക്കുന്ന മാദ്ധ്യമങ്ങൾ സർക്കാരിന് വേണ്ടി മാത്രം സംസാരിക്കുന്നു. ഈ അവസ്ഥ ഗുണകരമാണോ എന്ന് ചിന്തിക്കണം.
രാജ്യത്തെ വിഭജിക്കുന്നതും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമാണ് പൗരത്വഭേദഗതി നിയമം. സംഘപരിവാർ അജൻഡ നിർമ്മിക്കുന്നതിന്റെ ഭാഗമായാണിത് സംഭവിച്ചത്. ഇനി പൗരത്വ രജിസ്റ്റർ കൂടി വന്നാലുള്ള സ്ഥിതിയെന്താകുമെന്ന് ചിന്തിക്കാനാവില്ല. മതത്തെ പൗരത്വവുമായി ബന്ധപ്പെടുത്തുമ്പോൾ അത് ഇരുണ്ട കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കാണ്. ആരാണ് ഇന്ത്യൻ പൗരൻ എന്ന് തീരുമാനിക്കുന്നത് അമിത്ഷാ ആണെന്നത് അംഗീകരിക്കാനാവില്ല. ജനാധിപത്യവും മതേതരത്വവും ഇരട്ടപെറ്റ മക്കളെ പോലെയാണ്. മതേതരത്വമില്ലാത്ത ജനാധിപത്യം കരയ്ക്ക് പിടിച്ചിട്ട മീനിനെ പോലെയാണ്. മതത്തിന്റെ പേരിൽ സമൂഹത്തെ രണ്ടായി വിഭജിക്കുന്ന ആദ്യത്തെ നിയമ നിർമ്മാണമായിരിക്കുമിത്. ഇസ്രയേൽ മോഡൽ ഇവിടെയും നടപ്പാക്കാൻ നോക്കുന്നു. ഈ കരിനിയമം പിൻവലിക്കുന്നത് വരെ പോരാട്ടം തുടരണം.
2024 കഴിയുന്നതോടെ ചരിത്രത്തിന്റെ കാഴ്ചബംഗ്ലാവിൽ കഴിയേണ്ട ഫോസിലുകളായി മോദിയും അമിത്ഷായും മാറും. ഞാൻ സവർക്കറല്ല, ഗാന്ധിയാണെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തിലെ വരി മൂന്ന് തവണ ആവർത്തിച്ചാണ് ചെന്നിത്തല പ്രസംഗം അവസാനിപ്പിച്ചത്.