chennitahal-pinarayi

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യമറിയിച്ച് കേരളത്തിൽ ഭരണ- പ്രതിപക്ഷ മുന്നണികളുടെ സംയുക്ത സമരം അപൂർവാനുഭവമായി. പാളയം രക്തസാക്ഷിമണ്ഡപത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കൈകോർത്തപ്പോൾ ഇവർക്കൊപ്പം ബി.ജെ.പി ഒഴിച്ചുള്ള വിവിധ കക്ഷിനേതാക്കളും മതമേലദ്ധ്യക്ഷരും സാഹിത്യ, സാംസ്കാരിക ലോകവും അണിനിരന്നു.കേന്ദ്ര അവഗണനയ്ക്കെതിരെയും മറ്റും മുമ്പ് ഭരണ- പ്രതിപക്ഷ കക്ഷികൾ സംയുക്ത നിവേദനമൊക്കെ നൽകിയിട്ടുണ്ടെങ്കിലും സമീപകാല സമരചരിത്രത്തിൽ ഇതൊരു അപൂർവ്വ അദ്ധ്യായമായി. നോട്ട്നിരോധന വേളയിൽ ഇരു നേതൃത്വങ്ങളും തമ്മിൽ കൂടിയാലോചനകൾ നടന്നിരുന്നെങ്കിലും സംയുക്ത സമരമുണ്ടായില്ല.

സംസ്ഥാന മന്ത്രിമാരും എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും കക്ഷിനേതാക്കളും എം.എൽ.എമാരും മേയറും മറ്റ് ജനപ്രതിനിധികളും നവോത്ഥാന സംരക്ഷണ സമിതി ഭാരവാഹികളും പൗരപ്രമുഖരുമെല്ലാം രക്തസാക്ഷിമണ്ഡപത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നീണ്ട സമരത്തിനെത്തി. എഴുത്തുകാരായ ടി. പത്മനാഭനും എം.കെ. സാനുവും ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനുമെത്തി. വിവിധ സർവീസ് സംഘടനകളും വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളും പ്രകടനം നടത്തി. രാവിലെ സത്യാഗ്രത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ച് ഒരു പുഷ്പചക്രം രക്തസാക്ഷിമണ്ഡപത്തിൽ സമർപ്പിച്ചു.

തുടർന്ന് മന്ത്രി എ.കെ. ബാലന്റെ ആമുഖപ്രഭാഷണം. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ, കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്, ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, സി.പി.എം നേതാവ് എം.വി. ഗോവിന്ദൻ, കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഹാജി, സ്വാമി സന്ദീപാനന്ദഗിരി, എം.ഐ. അബ്ദുൾ അസീസ് (ജമാ അത്തെ ഇസ്ലാമി), എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, ജനപക്ഷം നേതാവ് പി.സി. ജോർജ്ജ്, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഡോ. ഹുസൈൻ മടവൂർ, സയ്യിദ് ഇബ്രാഹിം വലീൽ ബുഹാരി, ഡോ. ഫസൽ ഗഫൂർ, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഫാ. യൂജിൻ പെരേര, സി. മുഹമ്മദ് ഫൈസി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

നവോത്ഥാനമൂല്യ സംരക്ഷണസമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കെ. സോമപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രകടനമായാണ് എത്തിയത്. സമിതി ചെയർമാൻ കൂടിയായ എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അസുഖം കാരണം എത്തിയില്ല. കൂടിയാലോചനയില്ലാതെ സമരത്തിന് തീരുമാനിച്ചതിൽ പ്രതിഷേധമറിയിച്ചെങ്കിലും ആർ.എസ്.പി പ്രതിനിധിയായി ബാബു ദിവാകരൻ എത്തി. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭാവം ശ്രദ്ധേയമായി.