
കാട്ടാക്കട: താലൂക്ക് ആസ്ഥാനമായ കാട്ടാക്കട ടൗൺ ഗതാഗത കുരുക്കിൽ പെട്ടിട്ട് കാലങ്ങളായി. ടൗണിലെ അനധികൃത പാർക്കിംഗും നടപ്പാത കയ്യേറിയുള്ള വഴിയോരക്കച്ചവടവും കയറ്റിറക്കുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. താലൂക്ക് ആസ്ഥാനമായിട്ടുപോലും ഇതേവരെ ട്രാഫിക് പൊലീസ് സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാകട്ടെ സ്റ്റേഷൻ തുടങ്ങിയപ്പോഴുള്ള സേനാംഗങ്ങൾ മാത്രമേ ഇപ്പോഴുമുള്ളൂ. വിശാലമായ അതിർത്തിയുള്ള ഇവർക്ക് പലപ്പോഴും വിവിധ ആവശ്യങ്ങൾക്ക് ഓടിയെത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. കാട്ടാക്കടയിൽ പ്രാധമായും രാവിലേയും വൈകിട്ടും കുരുക്കിൽ പെട്ടാൽ പിന്നെ മണിക്കൂറുകൾ കഴിഞ്ഞാലേ പുറത്തിറങ്ങാൻ കഴിയൂ.
കാട്ടക്കട ടൗണിലെ റോഡിൽ മിക്കഭാഗവും ഗട്ടറുകളാണ്. ഇവിടെ ഓട നവീകരണം കൂടി നടക്കുന്നതിനാൽ ഗതാഗത തടസം പതിവ് കാഴ്ചയാണ്. ഓട നിർമ്മാണത്തിനുള്ള സ്ലാബുകൾ റോഡ് സൈഡിൽ നിരത്തിയതും റോഡിലെ അലക്ഷ്യമായ പാർക്കിംഗും കൂടിയായതോടെ യാത്ര ദുരിതം വർദ്ധിച്ചു.
തോന്നിയ പടിയുള്ള അനധികൃത പാർക്കിങ്ങും, കയ്യേറ്റങ്ങളും കർശനമായി നിയന്ത്രച്ചാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ. ക്രിസ്തുമസ് പുതുവത്സര തിരക്കുകൾക്ക് ദിവസങ്ങളേയുള്ളൂ. ഇക്കണക്കിന് പോയാൽ പുതുവർഷത്തെ വരവേല്കുന്നതും കാട്ടാക്കടയിലെ തിരക്ക് തന്നെയായിരിക്കും.
പബ്ലിക് മാർക്കറ്റിന് സമീപം ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് നടുറോഡിലാണ്. ഇത് പ്രധാനമായും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. തിരക്ക് സമയത്ത് ഇത്തരത്തിൽ ബസുകൾ നിറുത്തിയാൽ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ കുരുക്കിൽ പെടുന്നത് പതിവാണ്. മാത്രവുമല്ല മാർക്കറ്റിൽ എത്തുന്ന വാഹനങ്ങൾ ഈ റോഡിൽ തന്നെയാണ് പാർക്ക് ചെയ്ത് സാധനങ്ങൾ ഇറക്കുന്നതും. കുരുക്കുണ്ടായാൽ മൂന്നു റോഡ് ചേരുന്ന പ്രധാന ജംഗ്ഷൻ മുതൽ ബസ്റ്റാന്റ് വരെയും, പൂവച്ചൽ റോഡിൽ ഗുരുമന്ദിരം വരെയും, നെയ്യാർ ഡാം റോഡിൽ ക്രിസ്ത്യൻ കോളേജ് വരെയും നിമിഷ നേരം കൊണ്ട് വാഹനങ്ങൾ നിറയും. എന്നാൽ എത്ര കുരുക്കുണ്ടായാലും അത് നിയന്ത്രിക്കാൻ രണ്ടോ മൂന്നോ ഹോ ഗാർഡുകൾ മാത്രമാണ് ആകെ ഉള്ളത്. ഗതാഗത കുരുക്ക് വർദ്ധിക്കുമ്പോൾ നാട്ടുകാരോ വാഹന യാത്രക്കാരോ ഓട്ടോറിക്ഷാ ട്രൈവർമാരോ കുരുക്ക് നിയന്ത്രിക്കാൻ രംഗത്തിറങ്ങും. എന്നാൽ ഇവരുടെ നിർദേശം പാലിക്കാത്ത ട്രൈവർമാർ തോനിയപടി വാഹനം മുന്നോട്ടെടുക്കുന്നത് പലപ്പോഴും വാക്ക്തർക്കത്തിലാണ് കലാശിക്കുന്നത്.
കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ ആകെയുള്ളത് 20 പൊലീസുകാരാണ്. ഇവർക്കാകട്ടെ പരാതി പരിഹാരം, കോടതി, തെളിവെടുപ്പ്, അന്വേഷണം, ജനമൈത്രി, എസ്.പി.സി തുടങ്ങിയ നിരവധി ജോലികളുണ്ട്. ഇതിനിടയിൽ സർക്കിളെന്നോ സബ് ഇൻസ്പെക്ടറെന്നോ നോക്കാതെയാണ് പലരും ജോലി ചെയ്യുന്നത്. ഇവർ ട്രാഫിക് ഡ്യൂട്ടി കൂടി ചെയ്യുമ്പോൾ സ്റ്റേഷനിലെ പണികൾ അവതാളത്തിലാകും.
ടൗണിലെ തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് സംവിധാനം കൊണ്ടുവരണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് താലൂക്ക് ആസ്ഥാനത്ത് ഇതിനോടകം നിരവധി സർവകക്ഷി യോഗങ്ങൾ കൂടുകയും ജില്ലാ ഭരണകൂടം ഇടപെട്ട് പല ട്രാഫിക് പരിഷ്കാരങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. എന്നാൽ അതെല്ലാം കടലാസിൽ ഒതുങ്ങുകയാണെന്നാണ് പരാതി.