തിരുവനന്തപുരം: നാലേക്കർ റബർതോട്ടത്തിലെ 600 റബർ മരങ്ങൾ 12 വർഷമായി ടാപ്പിംഗ് നടത്തിയിരുന്ന തൊഴിലാളിയെ 10 ദിവസം ജോലിക്ക് ഹാജരാകാത്തതിന്റെ പേരിൽ പിരിച്ചുവിട്ട തൊഴിലുടമയിൽ നിന്ന് റവന്യൂ റിക്കവറി നടപടികൾ നടത്തി തൊഴിലാളിക്ക് നിയമപ്രകാരമുള്ള പിരിച്ചുവിടൽ ആനുകൂല്യമായ 83,077 രൂപ ഈടാക്കി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. അസുഖം കാരണമാണ് തൊഴിലാളിയായ അപ്പുക്കുട്ടൻ 2014 ൽ 10 ദിവസംജോലിക്ക് ഹാജരാകാതിരുന്നത്. തൊഴിലുടമകളായ കടയ്ക്കാവൂർ സ്വദേശി ശ്യാമള, ഷാജിലാൽ, സൂരജ്‌ലാൽ എന്നിവർചേർന്ന് 83077 രൂപ ഒ​റ്റതവണയായി തൊഴിലാളിക്ക് നൽകണമെന്ന് കാർഷിക ട്രൈബ്യൂണൽ പ്രിസൈഡിംഗ് ഓഫീസർ കൂടിയായ തിരുവനന്തപുരം സബ്കളക്ടർ 2018 ഫെബ്രുവരി 12 ന് ഉത്തരവിട്ടിരുന്നു. എന്നാൽ തൊഴിലുടമ തുക നൽകിയില്ല. തുടർന്നാണ് പരാതിക്കാരൻ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. കമ്മിഷൻ തിരുവനന്തപുരം ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് വാങ്ങി. 74 വയസായ പരാതിക്കാരന്‌ കേരള കർഷക തൊഴിലാളിനിയമം 1974 ലെ 39-ാം വകുപ്പ് പ്രകാരം നൽകനുള്ള തുക നൽകാത്ത സാഹചര്യത്തിൽ ഈ തുക റവന്യൂ റിക്കവറി പ്രകാരം ഈടാക്കി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ കമ്മിഷനെ അറിയിച്ചു. നടപടികൾ എത്രയുംവേഗം പൂർത്തിയാക്കി കാലതാമസം കൂടാതെ തുക ലഭ്യമാക്കണമെന്ന് കമ്മിഷൻ ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി.