ആ​റ്റിങ്ങൽ: മീമ്പാട്ട് ഏലായിലെ വയൽനികത്തലിനെതിരെ യൂത്ത്‌കോൺഗ്രസ് രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് മീമ്പാട്ട് ക്ഷേത്രത്തിനു സമീപത്തെ വയലിൽ ലോറിയിൽ മണ്ണു കൊണ്ടിട്ടത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നിലം വൃത്തിയാക്കിയ ശേഷമാണ് നികത്തൽ ആരംഭിച്ചതെന്നും സംഭവത്തിനു പിന്നിൽ വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ളവരുടെ മൗനാനുവാദമുണ്ടെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കിരൺ കൊല്ലമ്പുഴ ആരോപിച്ചു.വാമനപുരം നദിയിൽ നിന്ന് ഏലായിലേക്ക് വെള്ളം ഏത്തിക്കുന്നതിനുളള നീർച്ചാലുൾപ്പെടെയാണ് നികത്തുന്നത്. ഇതു കാരണം മ​റ്റു വയലുകളിലും നെൽകൃഷി നടത്താൻ കഴിയാതെവരുമെന്ന് സമരക്കാർ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ വയലിൽ കൊടി നാട്ടി. രാമച്ചംവിള വിഷ്ണു, രാജേഷ്, സുവിൻവിജയൻ, സുബീഷ്, ശരത് എന്നിവർ നേതൃത്വം നൽകി.