kanthapuram-
KANTHAPURAM

തിരുവനന്തപുരം: ചില സംഘടനകൾ ഇന്ന് നടത്താൻ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിനെതിരായ തന്റെ നിലപാട് ആൾ ഇന്ത്യ സുന്നി ജാമിയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇന്നലെയും ആവർത്തിച്ചു. മുസ്ലീങ്ങളിലെ ഒരു വിഭാഗം ഹർത്താൽ നടത്തുമ്പോൾ അതുകൊണ്ടുണ്ടാവുന്ന നാശങ്ങളും നഷ്ടങ്ങളും സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന് പൗരത്വ ഭേദഗതി ബില്ലിനെതിരെ പാളയത്ത് നടന്ന സംയുക്ത സമരത്തിൽ പങ്കെടുത്ത അദ്ദേഹം പറഞ്ഞു.

മറ്റ് സമുദായത്തിൽപ്പെട്ടവർക്ക് നൽകുന്നതു പോലെ മുസ്ലിങ്ങൾക്ക് പൗരത്വം നൽകില്ലെന്ന് പറയുന്ന കേന്ദ്ര ഗവൺമെന്റിനോട് രണ്ട് ചോദ്യമുണ്ട്.ഒന്ന് : ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യം മുതൽ ഇന്ന് വരെ മുസ്ലിം സമുദായം ഇവിടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തിയതായി തെളിയിക്കാൻ കഴിയുമോ?​ രണ്ട്: മുസ്ലീങ്ങളല്ലാത്തവർക്ക് പൗരത്വം കൊടുക്കുന്നത് അവരെ സഹായിക്കലാണെന്നു പറയുന്നു. ആ കൂട്ടത്തിൽ ഇന്ത്യയെ നശിപ്പിക്കാൻ നുഴഞ്ഞു കയറിയവരില്ലെന്ന് എവിടെ നിന്ന് ഉറപ്പുകിട്ടി?​

'ഇന്ത്യ ആരുടേയും കൈകളിലല്ല,​ ഇവിടത്തെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഹൃദയത്തിലാണ്'' എന്ന് ഹിന്ദിയിൽ പറഞ്ഞാണ് കാന്തപുരം പ്രസംഗം അവസാനിപ്പിച്ചത്.