വർക്കല: തൊടുവെ തോടും പമ്പിംഗ് സ്റ്റേഷനും കാടുകയറി നശിക്കുന്നു. വർക്കല മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങുമ്പോഴും വേനലിലും ബദൽ സംവിധാനമായി പ്രയോജനപ്പെടുത്താവുന്ന തൊടുവെ പമ്പിംഗ് സ്റ്റേഷനാണ് ഉപേക്ഷിക്കപ്പെട്ടുക്കിടക്കുന്നത്.
2004 ഡിസംബറിൽ വാമനപുരം പദ്ധതിയിൽ നിന്ന് വർക്കല മേഖലയിൽ കുടിവെള്ളം വിതരണം ചെയ്ത് തുടങ്ങിയപ്പോൾ തൊടുവെ പമ്പിംഗ് സ്റ്റേഷന്റെ പ്രവർത്തനം മന്ദീഭവിച്ചു.
പിന്നീട് ശിവഗിരി തീർത്ഥാടനത്തിന് പമ്പിംഗ് നടത്തുകയും തീർത്ഥാടനം കഴിയുമ്പോൾ പമ്പിംഗ് നിറുത്തുകയുമാണ് ചെയ്തിരുന്നത്. ശിവഗിരി തോട്ടിൽ നിന്നുള്ള വെള്ളം നേരിട്ട് സെഡിമെന്റെഷൻ ടാങ്കിൽ എത്തിച്ച ശേഷം ശുദ്ധീകരിച്ചാണ് വിതരണം ചെയ്തിരുന്നത്. പിന്നീട് ഇതും ഇല്ലാതായി.
പദ്ധതി നവീകരിച്ച് പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചിരുന്നു. അത് പ്രകാരം പമ്പിംഗ് സ്റ്റേഷന്റെ ചുറ്റുമതിൽ നിർമ്മാണം മാത്രമാണ് നടന്നത്. വർക്കലയുടെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ വാമനപുരം പദ്ധതി പര്യാപ്തം അല്ല. ഈ സാഹചര്യത്തിലാണ് തൊടുവെ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ശക്തമായത്.
രണ്ട് വർഷം മുൻപ് ജല അതോറിട്ടിയുടെ ഉന്നതല ഉദ്യോഗസ്ഥ സംഘം തൊടുവയിലെത്തി ജലത്തിന്റെ ഗുണ നിലവാരം പരിശോധിച്ച് റീകമ്മീഷൻ ചെയ്യുമെന്ന് ഉറപ്പ് നൽകി മടങ്ങിയതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായില്ല.
ഇപ്പോൾ വർക്കലയിൽ പലയിടത്തും ആഴ്ചയിൽ മൂന്നോ നാലോ ദിവസം കൂടുമ്പോഴാണ് വെള്ളം ലഭ്യമാകുന്നത്. ഇതാകട്ടെ പലപ്പോഴും രാത്രി കാലങ്ങളിലാണെന്ന് മാത്രം.