ഉള്ളൂർ: ഇ- ഹെൽത്ത് പദ്ധതിയിൽ കീഴിൽ മെഡിക്കൽ കോളേജ് ഒ.പി വിഭാഗത്തിൽ നടന്നുവരുന്ന ആധുനികവത്കരണ നടപടികൾ അന്തിമഘട്ടത്തിൽ. എസ്.എ.ടിയിലെ പീഡിയാട്രിക് സർജറി, ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് എന്നിവയിലെ കമ്പൂട്ടർവത്കരണം പൂർത്തിയാകുന്നതോടെ മെഡിക്കൽ കോളേജ്, എസ്.എ.ടി ആശുപത്രികളിലെ ഒ.പി വിഭാഗങ്ങൾ പൂർണമായും ഇ- ഹെൽത്ത് വിഭാഗത്തിൽ കീഴിൽ വരും. അടുത്ത ഘട്ടമായ ഇൻ പേഷ്യന്റ് പരിഷ്‌കരണം ഉടൻ ആരംഭിക്കും. സോഫ്ട്‌വെയർ നവീകരിച്ചു കിട്ടുന്ന മുറയ്ക്ക് ഐ.പിയിലേക്കുള്ള ചുവടുമാറ്റം ഉണ്ടാകും. ഒ.പി ടിക്കറ്റ് എടുക്കുന്നതിലെ സുതാര്യതയും ക്യൂ സമ്പ്രദായവും തിരക്കൊഴിവാക്കി ഡോക്ടറെ കാണാനുള്ള ഡിസ്‌പ്ലേ സംവിധാനവുമെല്ലാം ജനങ്ങൾക്ക് സൗകര്യപ്രദമായി മാറിയെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ തുടക്കത്തിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങൾ ഡോക്ടർമാർക്ക് സ്വയം ശേഖരിക്കാൻ കഴിഞ്ഞിരുന്നു. പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ച ഡിസ്‌പ്ലേ ബോർഡുകളിലൂടെ ഡോക്ടറെ കാണാനെത്തുന്ന രോഗികൾക്ക് തങ്ങളുടെ ഊഴമനുസരിച്ച് തിരക്കുകളിൽ നിന്നൊഴിവാക്കി ഒ.പി മുറിക്കുള്ളിൽ പ്രവേശിക്കാൻ കഴിയുന്നതും പ്രധാന നേട്ടമാണ്. മന്ത്രി കെ.കെ. ശൈലജയുടെ നിർദ്ദേശത്തെ തുടർന്നാണ് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനിച്ചത്.