കോവളം: ബാഗിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും മോഷ്ടിച്ചെന്ന സംശയത്തെ തുടർന്നാണ് അജേഷിനെ കുറച്ചുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ആദ്യം വഴിയിലിട്ടും പിന്നീട് മോഷണ മുതൽ കണ്ടെടുക്കാനെന്ന പേരിൽ അജീഷിന്റെ വീട്ടിൽ കൊണ്ടുപോയി മർദ്ദിക്കുകയും ജനനേന്ദ്രിയത്തിൽ പൊള്ളിച്ചും ചന്തിയിൽ വെട്ടുകത്തി പഴുപ്പിച്ച് വച്ചുമൊക്കെയായിരുന്നു പീഡനം. അബോധാവസ്ഥയിലായ അജേഷിനെ വീട്ടിൽ ഉപേക്ഷിച്ചാണ് അക്രമികൾ കടന്നത്. അവശനായ അജേഷ് സമീപത്തെ വയലിൽ വൈകിട്ടുവരെ ബോധമില്ലാതെ കിടന്നു. സംഭവം പന്തിയല്ലെന്ന് തോന്നിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി അജേഷിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ അജേഷ് നാട്ടുകാരുമായി നല്ല ബന്ധത്തിലല്ലായിരുന്നു. ഇയാൾ സ്ത്രീകളെ ഉപദ്രവിക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. പലപ്പോഴും മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. അജേഷ് കുറച്ചുനാൾ മാനസികരോഗ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. അജേഷിന്റെ മനോനില തെറ്റിയ പെരുമാറ്റം കാരണം വീട് വിട്ട് പോയ അമ്മ ഓമന സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. അജേഷിനെ നാട്ടുകാർക്ക് ഇഷ്ടമല്ലാത്തതിനാൽ മോഷണം ആരോപിച്ച് ഒരുകൂട്ടം ആളുകൾ ചേർന്ന് പിടിച്ചുകൊണ്ടുപോയപ്പോൾ ആരും എതിർത്തതുമില്ല. റോഡിൽ വച്ചും പിന്നീട് തെക്കുംകരയിലെ അജേഷിന്റെ വീട്ടിൽ കൊണ്ടുപോയും പ്രതികൾ ക്രൂരമായി മർദ്ദിച്ചു. എന്നാൽ വീട്ടിൽ നിന്ന് മോഷണമുതലായ ഫോണോ, പണമോ കണ്ടെടുക്കാൻ കഴിയാതെ വന്നത് അക്രമിസംഘത്തെ കൂടുതൽ രോഷാകുലരാക്കി. തുടർന്നാണ് ഇവർ അജേഷിനെ ക്രൂരമായി പീഡിപ്പിച്ചത്. പലവിധത്തിലുള്ള മർദ്ദനമുറകൾ സ്വീകരിക്കുകയും പഴയ ഇരുമ്പ് ലോഹം തീയിൽ പഴുപ്പിച്ച് ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ പൊള്ളിക്കുകയും ചെയ്‌തു. തുടർന്ന് സമീപവാസിയുടെ വിവരത്തെ തുടർന്ന് അജേഷിന്റെ മറ്റൊരു കൂട്ടുകാരന്റെ വസതിയിൽ മോഷണ മുതൽ ഒളിപ്പിച്ചിട്ടുണ്ടാകാമെന്ന് കരുതി സംഘം മടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. അജേഷിന്റെ അയൽവാസികളും സമീപത്തെ ആട്ടോ ഡ്രൈവർമാരുമാണ് അറസ്റ്റിലായത്. ഇനിയും ഏതാനും പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ റിമാൻഡ് ചെയ്‌തു.