തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനും നിയന്ത്റണത്തിനുമായി രൂപീകരിച്ച റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടിയുടെ (റെറ) ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നിന് നടക്കുമെന്നും റിയൽ എസ്റ്റേറ് മേഖലയിൽ നിന്നുള്ള ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിച്ച് തുടങ്ങിയതായും ചെയർമാൻ പി.എച്ച് കുര്യൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ അഞ്ച് പരാതികൾ മാത്രമാണ് അതോറിട്ടിക്ക് മുന്നിലെത്തിയിട്ടുള്ളത്. നിർമാണത്തിലുള്ളതും ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പുതുതായി ആരംഭിക്കുന്ന പദ്ധതികളും അതോറിട്ടിയിൽ രജിസ്റ്റർ ചെയ്യണം. ഇതിനായുള്ള അപേക്ഷകളും സ്വീകരിച്ച് തുടങ്ങി. മുടങ്ങിപ്പോയ പദ്ധതികളും രജിസ്റ്റർ ചെയ്യണമെന്നും രജിസ്ട്രേഷൻ ഇല്ലാത്തവർക്ക് റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വിപണനം നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് രജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്.
പരാതി നൽകാനുള്ള അപേക്ഷ ഫോം rera.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരാതികൾ ഓൺലൈനായി നൽകാനുള്ള സംവിധാനവും ഉടൻ സജ്ജമാക്കും.ഇതോടെ റിയൽ എസ്റ്റേറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബസൈറ്റിൽ ലഭ്യമാകുമെന്നും ഇതിലൂടെ തങ്ങളുടെ പദ്ധതികളുടെ വിശ്വാസ്യത ഉറപ്പാക്കാൻ റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും ചതിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കൾക്കും സാധിക്കുമെന്ന് പി.എച്ച് കുര്യൻ കൂട്ടിച്ചേർത്തു.