തിരുവനന്തപുരം: നഗരസഭാ കൗൺസിൽ ഹാളിലെ തടികൊണ്ടുള്ള നിലം പൊളിഞ്ഞ് കൗൺസിലർക്ക് പരിക്കേറ്റു. പെരുന്താന്നി വാർഡ് കൗൺസിലർ ചിഞ്ചുവിന്റെ കാലാണ് കുടുങ്ങിയത്. വേദനകൊണ്ട് നിലവിളിച്ച കൗൺസിലറെ സഹ കൗൺസിലർമാരെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2.30ന് കൗൺസിൽ യോഗം ആരംഭിച്ചതിന് പിന്നാലെയാണ് കൗൺസിലർ ചിഞ്ചു എത്തിയത്. പിറകിൽ നിന്നും രണ്ടാംനിരയിലുള്ള സീറ്റിലേക്ക് എത്തുന്നതിനിടെ തടികൊണ്ടുള്ള നിലം പൊളിഞ്ഞ് കാൽ കുടുങ്ങി കൗൺസിലർ നിലത്തുവീഴുകയായിരുന്നു. ശബ്ദം കേട്ട് സഹ കൗൺസിലർമാർ ഓടിയെത്തി. ഇരിപ്പിടത്തിൽ നിന്ന് മേയർ കെ. ശ്രീകുമാറും സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ ചിഞ്ചുവിന്റെ അടുത്തേക്ക് എത്തി.
മറ്റ് വനിതാ കൗൺസിലർമാർ ചേർന്ന് കുഴിയിൽ കുടുങ്ങിയ കാൽ സാവധാനം പുറത്തെടുത്തു. തടികൊണ്ട് തയ്യാറാക്കിയതാണ് കൗൺസിലർ ഹാളിലെ നിലം. അതിനടിയിലൂടെ മൈക്കിന്റെയും മറ്റു വയറുകൾ കടന്നുപോയിരുന്നു. ഇതിനിടയിലാണ് കാൽ കുടുങ്ങിയത്. തുടർന്ന് കൗൺസിലറെ ഹാളിന് പുറത്തെത്തിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം കൊണ്ടുവരാൻ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും ഡ്രൈവർമാർ ആരും ഇല്ലെന്നായി. ഇതിൽ പ്രകോപിതനായ കരമന അജിത്ത് കൗൺസിലർ ഹാളിലെത്തി മേയർ ഉൾപ്പെടെയുള്ളവരോട് രോഷാകുലനായി. കൗൺസിലർക്ക് അപകടം സംഭവിച്ചിട്ട് ആശുപത്രിയിലെത്തിക്കാൻ നഗരസഭയിൽ വാഹനമില്ലേയെന്നായി അജിത്ത്. ഉടൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ ബാബുവിന്റെ നിർദ്ദേശത്തെ തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കാലിൽ നീരു വ്യാപിച്ചതിനാൽ ബാൻഡേജ് ചുറ്റി, വേദനാസംഹാരി നൽകിയ ശേഷം ചിഞ്ചുവിനെ വീട്ടിലേക്ക് അയച്ചു. രണ്ടുദിവസത്തെ വിശ്രമത്തിന് ശേഷം പരിശോധനയ്ക്കെത്താനും ഡോക്ടർ നിർദ്ദേശിച്ചു. കാലപ്പഴക്കംചെന്ന കൗൺസിൽ ഹാൾ അടിയന്തരമായി നവീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.