കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മുക്കുകട ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് മാസങ്ങളായി. പഞ്ചായത്തിലെ 4, 5 വാർഡുകളുടെ അതിർത്തിയാണ് ഈ ജംഗ്ഷൻ. പൊതുവേ അപകട മേഖലയായ ഇവിടം സന്ധ്യ മയങ്ങിയാൽ ഇരുട്ടിന്റെ പിടിയിലാകും. അതിനാൽ ലൈറ്റ് കത്തിക്കണമെന്ന ആവശ്യം ശക്തമാണ്. നാലുവർഷം മുൻപ് സ്ഥാപിച്ച ഈ ലൈറ്റ് കഴിഞ്ഞ ആറു മാസം മുമ്പു വരെ മുക്കുകട ജംഗ്ഷനെ പ്രകാശ പൂരിതമാക്കിയിരുന്നു. ലൈറ്റ് കത്താതായതോടെ നാട്ടുകാർ ഗ്രാമപഞ്ചായത്തിലും എം.എൽ.എ ഓഫീസിലും കയറി ഇറങ്ങിയെങ്കിലും ഒന്നും ഫലം കണ്ടില്ല. റിപ്പയറിംഗും, കറന്റ് ചാർജും പഞ്ചായത്താണ് വഹിക്കേണ്ടതെന്ന് എം.എൽ.എ ഓഫീസിൽ നിന്ന് അറിയിച്ചു. റിപ്പയറിംഗ് എം.എൽ.എ ഫണ്ടിൽ നിന്നാണ് വഹിക്കേണ്ടതെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. ഞങ്ങൾക്കിതിൽ പങ്കില്ലെന്ന് പറഞ്ഞ് കെ.എസ്.ഇ.ബി ജീവനക്കാരും കൈ മലർത്തിയതോടെ ഹൈമാസ്റ്റ് ലൈറ്റ് വെറും നോക്കുകുത്തിയായി. സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പൊതുഖജനാവിൽ നിന്ന് വൻ തുക മുടക്കി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കേണ്ട ആവശ്യം എന്തെന്നാണ് നാട്ടുകാരുടെ ചോദ്യം.