തിരുവനന്തപുരം: ഇന്നത്തെ ഹർത്താലിന്റെ മറവിൽ അക്രമങ്ങൾ തടയാൻ സംസ്ഥാനത്ത് പൊലീസ് സുരക്ഷ കർശനമാക്കി. സംഘർഷ സാധ്യതയുള്ള മേഖലകളിൽ ഇന്നലെ വൈകിട്ടോടെ പൊലീസിനെ വിന്യസിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരോടെല്ലാം ഡ്യൂട്ടിക്ക് ഹാജരാകാൻ നിർദേശിച്ചു.
അടിയന്തര സാഹചര്യം നേരിടാൻ പൊലീസ് കൺട്രോൾ റൂമുകളിൽ ഫയർഫോഴ്‌സ് സ്‌ട്രൈക്കിംഗ് സംഘത്തെ വിന്യസിച്ചു. പ്രശ്നസാധ്യതയുള്ള മേഖലകളിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരെ നിയോഗിച്ചു.
ജില്ലകളിലെ സുരക്ഷ അതത് പൊലീസ് മേധാവിമാർ നേരിട്ട് വിലയിരുത്തും. ഹർത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ, വഴിതടയലോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ഡി.ജി.പി അതീവജാഗ്രതാ നിർദേശം നൽകി. .റോഡ് തടസപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് തുടർച്ചയായി റോന്ത് ചുറ്റും. സഞ്ചാരസ്വാതന്ത്യം തടസപ്പെടാൻ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. കടകൾ നിർബന്ധിച്ച് അടപ്പിക്കാനും പാടില്ല. അക്രമത്തിന് നേതൃത്വം നൽകാനിടയുള്ളവരെ കരുതൽ തടങ്കലിൽ വയ്ക്കും. പൊതുസ്ഥലങ്ങളിൽ ഇന്ന് കൂട്ടംകൂടാൻ അനുവദിക്കില്ല.
സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, കോടതികൾ, കെ.എസ്.ഇ.ബി എന്നിവയുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ പൊലീസ് സംരക്ഷണം നൽകും. കെ.എസ്.ആർ.ടി.സിക്ക് സർവീസ് നടത്താൻ പൊലീസ് അകമ്പടിയുണ്ടാകും. ജുഡീഷ്യൽ ഓഫീസർമാർക്കും പ്രോസിക്യൂട്ടർമാർക്കും പൊലീസ് സംരക്ഷണം നൽകും പൊതു-സ്വകാര്യ സ്വത്തുകൾ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുമതി നൽകില്ല. സമരാനുകൂലികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിനും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.