വെഞ്ഞാറമൂട്: കൊടുവഴന്നൂർ ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ സഹോദരങ്ങൾക്ക് പരിക്ക്. വെമ്പായം തേക്കട മാടൻനട തമ്പുരുവിൽ ബി.എസ്. ശരത് (23), സഹോദരൻ ബി.എസ്. കിരൺ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 7.30ന് ആയിരുന്നു അപകടം. നഴ്സിംഗ് വിദ്യാർത്ഥിയായ കിരണിനെ നഗരൂരിലെ കോളേജിൽ വിടാനായി പോകുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്നും നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവർക്കും കൈയ്‌ക്കും കാലിനും പരിക്കുണ്ട്. നാട്ടുകാർ ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.