ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ആഴ്സനലിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ പോയിന്റ് പട്ടികയിലെ മൂന്നാംസ്ഥാനത്ത് തുടരുന്നു.
ആഴ്സനലിന്റെ തട്ടകത്തിൽ ചെന്ന് വിജയം വെട്ടിപ്പിടിക്കാൻ സിറ്റിയെ സഹായിച്ചത് ഇരട്ട ഗോളുകൾ നേടിയ കെവിൻഡി ബ്രുയാനും ഒരു ഗോളടിച്ച റഹിം സ്റ്റെർലിംഗുമാണ്. മത്സരത്തിന്റെ രണ്ടാംമിനിട്ടിൽ തന്നെ ഡിബ്രുയ നിലൂടെ സിറ്റിമുന്നിലെത്തിയിരുന്നു. 15-ാംമിനിട്ടിലായിരുന്നു സ്റ്റെർലിംഗിന്റെ ഗോൾ. 40-ാം മിനിട്ടിൽ ഡിബ്രുയാൻ വീണ്ടും വല കുലുക്കി. പ്രിമിയർ ലീഗിലെ ടോപ് ഫൈവിൽ നിന്ന് നേരത്തെ പിന്തള്ളപ്പെട്ടിരുന്ന ആഴ്സനൽ രണ്ടാംപകുതിയിൽ കൂടുതൽ ഗോളുകൾ വഴങ്ങാതെ രക്ഷപ്പെടുകയായിരുന്നു. രണ്ട് ഗോളുകൾ നേടിയതിനൊപ്പം സ്റ്റെർലിംഗിന്റെ ഗോളിന് വഴിയൊരുക്കുകയും ചെയ്ത ബെൽജിയംകാരൻ ഡിബ്രുയാനായിരുന്നു മത്സരത്തിലെ സൂപ്പർ ഹീറോ.
കഴിഞ്ഞ ദിവസം നടന്ന മറ്റു മത്സരങ്ങളിൽ ടോട്ടൻ ഹാം 2-1ന് വോൾവർ ഹാംപ്ടണിനെ കീഴടക്കിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1ന് എവർട്ടണുമായി സമനിലയിൽ പിരിഞ്ഞു.
മൗറീന്യോ പരിശീലിപ്പിക്കുന്ന ടോട്ടൻ ഹാമിനുവേണ്ടി എട്ടാം മിനിട്ടിൽ കേക്കാസ് മൗറ സ്കോർ ചെയ്തു. 67-ാം മിനിട്ടിൽ അദാമ ട്രാവോർ നേടിയ ഗോളിന് സമനില പിടിച്ചിരുന്ന വോൾവറിനെ ഇൻജുറി ടൈമിൽ വെർട്ടോംഗൻ നേടിയ ഗോളിന് ടോട്ടൻഹാം മറികടക്കുകയായിരുന്നു.
എവർട്ടനെതിരെ 36-ാം മിനിട്ടിൽ ലിൻഡെലോഫ് സെൽഫ് ഗോളടിച്ചതാണ് മാഞ്ചസ്റ്ററിന് വിനയായത്. 77-ാം മിനിട്ടിൽ ഗ്രീൻവുഡിന്റെ ഗോളാണ് സമനില നൽകിയത്.
ലീഗിൽ 17 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 49 പോയിന്റുമായി ലിവർപൂളാണ് മുന്നിൽ. ലെസ്റ്റർ സിറ്റി (39), മാഞ്ചസ്റ്റർ സിറ്റി (35) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
മത്സരഫലങ്ങൾ
മാഞ്ചസ്റ്റർ സിറ്റി 3- ആഴ്സനൽ 0
ടോട്ടൻഹാം 2-വോൾവർ 1
മാൻ. യുണൈറ്റഡ് 1- എവർട്ടൺ 1
പോയിന്റ് പട്ടിക
(ടീം, മത്സരം, പോയിന്റ് ക്രമത്തിൽ)
ലിവർപൂൾ 17-49
ലെസ്റ്റർ 17-39
മാൻ സിറ്റി 17-35
ചെൽസി 17-29
ടോട്ടൻ ഹാം 17-26
മാൻ യുണൈറ്റഡ് 17-25.