. വലൻസിയയ്ക്കെതിരെ 1-1ന് സമനില
. എൽ ക്ളാസിക്കോ നാളെ രാത്രി 12.30ന്
മാഡ്രിഡ് : സ്പാനിഷ ലാലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി വലൻസിയയ്ക്കെതിരെ സമനിലയും കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ട റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ബാഴ്സലോണയെ മറികടന്ന് ഒന്നാമതെത്താനുള്ള സുവർണാവസരം തുലച്ചു. നാളെരാത്രി ബാഴ്സലോണയുമായുള്ള എൽ ക്ളാസിക്കോ മത്സരം നടക്കാനിരിക്കേയാണ് റയൽ ഒന്നാമൻമാരായി ഇറങ്ങാനുള്ള ചാൻസ് മിസാക്കിയത്.
വലൻസിയയുടെ തട്ടകമായ മെസ്റ്റല്ലയിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. 78-ാം മിനിട്ടിൽ കാർലോസ് സോളറിലൂടെ വലൻസിയ സ്കോർ ചെയ്തു. നിശ്ചിത 90 മിനിട്ട് പൂർത്തിയായപ്പോഴും തിരിച്ചടിക്കാൻ റയലിന കഴിഞ്ഞിരുന്നില്ല. എന്നാൽ ഇൻജുറി ടൈമിന്റെ അഞ്ചാം മിനിട്ടിൽ രക്ഷകനെപ്പോലെ കരിം ബെൻസേമ നേടിയ ഗോൾ റയലിനെ തോൽവിയിൽ നിന്ന് കരകയറ്റി.
ഇൗ സമനിലയോടെ റയലിന് 16 മത്സരങ്ങളിൽനിന്ന് 35 പോയിന്റായി ബാഴ്സലോണയ്ക്കും 16 മത്സരങ്ങളിൽനിന്ന് 35 പോയിന്റാണുള്ളത്. എന്നാൽ ഗോൾ മാർജിനിൽ റയലിനെക്കാൾ മുന്നിലുള്ളത് ബാഴ്സയായതിനാൽ അവർ പട്ടികയിൽ ഒന്നാമതാണ്. ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരും ബാഴ്സയാണ്.
കാറ്റലോണിയൻ പ്രക്ഷോഭത്തെ തുടർന്ന് നേരത്തെ മാറ്റിവച്ചിരുന്ന എൽ ക്ളാസിക്കോ മത്സരമാണ് ബുധനാഴ്ച രാത്രി നടക്കുന്നത്. ബാഴ്സലോണയുടെ തട്ടകമായ കാംപ് നൗവിലാണ് മത്സരം. ബാഴ്സലോണയും കഴിഞ്ഞ ലാലിഗ മത്സരത്തിൽ സമനില വഴങ്ങിയിരുന്നു. റയൽ സോസിഡാഡ് 2-2നാണ് ബാഴ്സയെ സമനിലയിൽ പിടിച്ചത്.