മുടപുരം: ശാസ്തവട്ടം-അഴൂർ റോഡിലൂടെയുള്ള യാത്ര കാൽനട യാത്രക്കാർക്ക് പേടി സ്വപ്നമാകുന്നു. നാഷണൽ ഹൈവേ ഫണ്ട് ഉപയോഗിച്ച് ആറ് മാസം മുൻപ് അന്തരാഷ്ട്ര നിലവാരത്തിൽ ടാർ ചെയ്ത റോഡിന്റെ ഇരുവശവും രണ്ടാൾ പൊക്കത്തിൽ കുറ്റിച്ചെടികൾ വളർന്ന നിലയിലാണ്. ഇക്കാരണത്താൽ ഇതുവഴി കാൽനട യാത്രക്കാർക്ക് നടക്കാൻ സ്ഥലമില്ലാതായി.

നാഷണൽ ഹൈവേയിലെ തോപ്പ് മുക്കിൽ നിന്നും തുടങ്ങി ശാസ്തവട്ടം വഴി അഴൂർ,ചിറയിൻകീഴ് റോഡിൽ എത്തിച്ചേരുന്നതാണ് ഈ റോഡ്. ജോലികഴിഞ്ഞ് തോപ്പ് മുക്കിൽ ബസിറങ്ങി നടന്നു വരുന്ന കാൽനടയാത്രക്കാർക്ക് ഈ റോഡിലൂടെ സഞ്ചരിക്കാൻ ഭയമാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ അമിത വേഗത്തിലാണ് ഇതുവഴി കടന്നു പോന്നത്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രക്കാരൻ വാഹനത്തിന്‌ സൈഡ് കൊടുക്കവെ റോഡു വക്കിലെ മുറിച്ചു മാറ്റിയ പുന്നമരത്തിന്റെ കുറ്റിയിൽ തട്ടി വാഹനം റോഡിൽ തെറിച്ചു വീഴുകയും തലയ്ക്കു പരിക്കേൽക്കുകയുമുണ്ടായി. റോഡിനടിയിലൂടെ പോകുന്ന ഓടയിലെ മണ്ണ് പൂർണമായും നീക്കം ചെയ്യാത്തത് ഓടയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുകയാണ്. അതിനാൽ റോഡിന് ഇരുവശത്തും ഉള്ള കുറ്റിച്ചെടികൾ നീക്കം ചെയ്യാൻ പി.ഡബ്ലിയു.ഡി അധികൃതരോ ഗ്രാമപഞ്ചായത്തോ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

chedi