തിരുവനന്തപുരം :പൗരത്വഭേദഗതി ബില്ലിനെ ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിലും തർക്കം. മേയർ കെ.ശ്രീകുമാർ അവതരിപ്പിച്ച ഔദ്യോഗിക പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചു. ബി.ജെ.പി ശക്തമായ എതിർപ്പുമായി രംഗത്തെത്തിയെങ്കിലും യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ ഒന്നിച്ച് പ്രമേയം പാസാക്കി. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ അജൻഡകൾ പരിഗണിക്കുന്നതിന് മുമ്പാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്തെ വർഗീയമായി വിഭജിക്കുന്ന ബില്ലിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കാൻ അംഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് മേയർ പറഞ്ഞു. ഇതോടെ ബി.ജെ.പി അംഗം ഗിരികുമാർ എതിർപ്പുമായി എഴുന്നേറ്റു. അജൻഡയിൽ ഉൾപ്പെടുത്താത്ത വിഷയം ചർച്ചചെയ്യരുതെന്നും ഇത്തരമൊരു വിഷയം പരിഗണിക്കരുതെന്നും ഗിരി പറഞ്ഞു. എന്നാൽ മുസ്ലിങ്ങളെ ഒറ്റപ്പെടുത്തുന്ന ബില്ലിനെതിരെ ഹിന്ദുക്കൾ പോലും പ്രതിഷേധ രംഗത്തുണ്ടെന്നും അതിനാൽ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രമേയം പാസാക്കണമെന്നും യു.ഡി.എഫ് അംഗം ബീമാപള്ളി റഷീദ് ആവശ്യപ്പെട്ടു. വിഷയം ചർച്ചകൂടാതെ പാസാക്കണമെന്നും പ്രതിഷേധം അറിയിച്ച് പ്രസിഡന്റിന് കത്തയയ്ക്കണമെന്നും എൽ.‌ഡി.എഫ് അംഗം സോളമൻ വെട്ടുകാട് പറഞ്ഞു. അമിതാഷായാണ് ആഭ്യന്തരമന്ത്രിയെന്നും ഉമ്മാക്കി കാട്ടി വിരട്ടരുതെന്നും ബില്ല് പിൻവലിക്കില്ലെന്നും ബി.ജെ.പി നേതാവ് എം.ആർ.ഗോപൻ നിലപാടെടുത്തു. അമിത് ഷാ അപകടകാരിയായി മാറിയെന്ന ബീമാപള്ളി റഷീദിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി അംഗം പാപ്പനംകോട് സജി രംഗത്തെത്തി. പൗരത്വ ബില്ലിനുവേണ്ടി ഭരണഘടനയെ ബി.ജെ.പി സർക്കാർ വളച്ചൊടിക്കുകയാണെന്നും ജനങ്ങളുടെ ആശങ്ക ആരും കണ്ടില്ലെന്ന് നടിക്കരുതെന്നും യു.ഡി.എഫ് അംഗം വി.ആർ.സിനിയും പറഞ്ഞു.തുടർന്ന് പിന്തുണയ്ക്കുന്നവരുടെ ഭൂരിപക്ഷം ചോദിച്ച ശേഷം പ്രമേയം പാസായതായി മേയർ അറിയിച്ചു. ബി.ജെ.പി അംഗങ്ങൾ വിയോജിപ്പും അറിയിച്ചു.