ടൂറിൻ : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ യുഡിനെസിനെ 3-1ന് കീഴടക്കിയ യുവന്റസ് പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്ത് തുടരുന്നു. രണ്ട് ഗോളുകൾ നേടിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവന്റസിന് വിജയമൊരുക്കിയത്. ബൊന്നൂച്ചി ഒരു ഗോൾ നേടി.
9,37 മിനിട്ടുകളിലായാണ് ക്രിസ്റ്റ്യാനോ സ്കോർ ചെയ്തത്. ഇതോടെ കഴിഞ്ഞ 15 വർഷമായി യൂറോപ്പിലെ പ്രധാന ലീഗുകളിൽ പത്തിലേറെ ഗോളുകൾ നേടുന്ന താരമെന്ന റെക്കാഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. 45-ാം മിനിട്ടിലായിരുന്നു ബൊന്നൂച്ചിയുടെ ഗോൾ. ഇൻജുറി ടൈമിൽ പുസെറ്റോ യുഡിനെസിന്റെ ആശ്വാസഗോൾ നേടി.
ഇൗ വിജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 39 പോയിന്റായ യുവന്റസ് അല്പ നേരത്തേക്ക് സെരി എയിലെ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ ഫിയോറന്റീനയോട് 1-1ന് സമനിലയിൽ പിരിഞ്ഞ ഇന്റർമിലാൻ ഒന്നാംസ്ഥാനം വീണ്ടെടുത്തു. ഇന്ററിനും 16 മത്സരങ്ങളിൽ നിന്ന് 39 പോയിന്റാണെങ്കിലും ഗോൾ ശരാശരിയിൽ യുവന്റസിനേക്കാൾ മുന്നിലാണ്.