തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 26ന് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർക്കും. മനുഷ്യച്ചങ്ങലയോട് സഹകരിക്കാവുന്നവരെയെല്ലാം സഹകരിപ്പിക്കും. 19ന് 14 ജില്ലാകേന്ദ്രങ്ങളിലും വിപുലമായ ജനകീയ കൂട്ടായ്മകൾ ചേരാനും ഇന്നലെ ചേർന്ന മുന്നണിയോഗം തീരുമാനിച്ചതായി കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മനുഷ്യച്ചങ്ങലയുടെ വിജയത്തിനായി ജില്ലാതലങ്ങളിലും കീഴ്ഘടകങ്ങളിലും 19ന് ശേഷം പ്രചരണജാഥകൾ സംഘടിപ്പിക്കും. രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്ന നടപടിയെ ഇപ്പോൾ ചെറുത്തില്ലെങ്കിൽ ഇതിലും ഭീകരമായ നിലയിലേക്ക് പോകും. ദേശീയ പൗരത്വ രജിസ്റ്റർ ഇനി വരാൻ പോകുന്നു. ഇങ്ങനെ പോയാൽ ഏക സിവിൽ കോഡും വൈകാതെയെത്തും.. എല്ലാ രാഷ്ട്രീയകക്ഷികളെയും പങ്കെടുപ്പിച്ച് ഇന്നലെ മുഖ്യമന്ത്രിയുടെ മുൻകൈയിൽ നടന്ന സമരപരിപാടി ദേശീയതലത്തിൽ നല്ല പ്രതികരണമാണ് സൃഷ്ടിച്ചതെന്ന് യോഗം വിലയിരുത്തി.
മനുഷ്യച്ചങ്ങലയിൽ യു.ഡി.എഫിനെ ക്ഷണിക്കുമോയെന്ന ചോദ്യത്തിന് ,എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹമെന്ന് വിജയരാഘവൻ പറഞ്ഞു. യു.ഡി.എഫ് സഹകരിക്കുന്നുവെങ്കിൽ നല്ല കാര്യം. . കേന്ദ്രസർക്കാരിന്റെ സമീപനത്തോട് എതിർപ്പുള്ളവരെല്ലാം യോജിക്കണം. . മതമൗലിക പ്രസ്ഥാനങ്ങളായ എസ്.ഡി.പി.ഐ, ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി യോജിച്ച് പോകാനാഗ്രഹമില്ല. അവരുടെ കാര്യപരിപാടികൾ വർഗ്ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്ന ബി.ജെ.പിക്ക് കരുത്ത് പകരുന്നതാണ്. ഇന്നത്തെ ഹർത്താലിനെ എൽ.ഡി.എഫ് പിന്തുണയ്ക്കുന്നില്ല. ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധി ഇന്നലത്തെ സത്യഗ്രഹസമരത്തിനെത്തിയത് ചൂണ്ടിക്കാട്ടിയപ്പോൾ, പലരും പങ്കെടുത്തിട്ടുണ്ടാകും ,ക്ഷണിച്ചത് പ്രധാനമായും നിയമസഭയിൽ പ്രാതിനിദ്ധ്യമുള്ള രാഷ്ട്രീയ പാർട്ടികളെയാണ് എന്നായിരുന്നു വിജയരാഘവന്റെ മറുപടി.
140 മണ്ഡലങ്ങളിലും 23 ന് മതേതര കൂട്ടായ്മ
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ മൂന്നു ഘട്ടങ്ങളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. '
ഡിസംബർ 23 ന് 140 നിയമസഭാ മണ്ഡലങ്ങളിലും മതേതര കൂട്ടായ്മയും, രണ്ടാം ഘട്ടത്തിൽ ജനുവരി 6 ന് എറണാകുളത്തും 7 ന് കോഴിക്കോട്ടും മഹാസമ്മേളനങ്ങളും നടത്തും.. റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. .സംസ്ഥാനത്തെ എല്ലാ മതേതര കക്ഷികളും ഒറ്റയ്ക്കും കൂട്ടായും പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ സാഹചര്യത്തിൽ ചില സംഘടനകൾ ഇന്ന് നടത്താൻ തീരുമാനിച്ച ഹർത്താലിൽ നിന്ന് പിന്തിരിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.. ബില്ലിനെതിരെ പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഈ സമരത്തിൽ
രാഷ്ട്രീയമില്ല
പൗരത്വ ഭേദഗതി ബില്ലിനെതിരെ എൽ.ഡി.എഫുമായി ചേർന്ന് തിരുവനന്തപുരത്ത് നടത്തിയ സമരത്തിൽ രാഷ്ട്രീയമില്ലെന്നും അത് രാജ്യതാത്പര്യത്തിനു വേണ്ടിയുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.
രാജ്യത്തിനു വേണ്ടി ഒന്നിച്ചു നിൽക്കേണ്ട ഘട്ടത്തിൽ രാഷ്ട്രീയമായ മറ്റു എതിർപ്പുകൾക്ക് പ്രസക്തിയില്ല. സംയുക്ത സമരമെന്ന ആവശ്യം യു.ഡി.എഫാണ് സർക്കാരിനു മുന്നിൽ വച്ചത്. ചില വിഷയങ്ങളിൽ നിയമസഭ ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്താറുണ്ടല്ലോ. അതേ മാതൃകയിലാണ് ഈ സമരവും. എൽ.ഡി.ഫിനും സംസ്ഥാന സർക്കാരിനുമെതിരായ മറ്റു സമര പരിപാടികളുമായി യു.ഡി.എഫ് മുന്നോട്ടു പോകും. അതും ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല- ചെന്നിത്തല പറഞ്ഞു.