തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് നാട്ടിലെത്തുന്നവരെ കൊള്ളയടിക്കുന്ന സ്വകാര്യ ബസുടമകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. 'അന്തർ സംസ്ഥാന റൂട്ടുകളിൽ സ്വകാര്യന്മാരുടെ ക്രിസ്മസ് കൊള്ള' എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് സർക്കാർ ഇടപെടലുണ്ടായത്. ഞായറാഴ്ച സീറ്റ് ഒന്നിന് 3500 രൂപ ഈടാക്കിയ സ്വകാര്യബസ് കമ്പനി ഇന്നലെ അത് 1200 രൂപയായായി കുറയ്ക്കുകയും ചെയ്തു!
സ്വകാര്യ ബസുടമകൾ സർക്കാരുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ച് യാത്രക്കാരിൽ നിന്നു പണം ഈടാക്കിയാൽ നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ ട്രാൻസ്പോർട്ട് കമ്മിഷണർ ആർ.ശ്രീലേഖ, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് എന്നിവർക്ക് നിർദേശം നൽകി. ചെക് പോസ്റ്റുകളിലും പ്രധാന പോയിന്റുകളിലും സ്വകാര്യബസുകളിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. നിരക്ക് പ്രദർശിപ്പിക്കുന്ന വെബ്സൈറ്റുകളും നിരീക്ഷണത്തിലാണ്. ഒരു ബസിന്റെ റിസർവേഷൻ ടിക്കറ്റിന് 2499 രൂപയെന്ന് കാണിച്ച് ഇന്നലെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഉത്സവ സമയങ്ങളിലും മറ്റും കെ.എസ്.ആർ.ടി.സി ബസുകളെപ്പോലെ 15% വരെ കൂടുതൽ തുക ഈടാക്കാമെന്നാണ് വ്യവസ്ഥ. അതനുസരിച്ച് കെ.എസ്.ആർ.ടി.സി 1432 രൂപയാക്കിയപ്പോഴും ചില സ്വകാര്യ ബസുകൾ 1000, 1250 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരക്ക് രണ്ടിരട്ടി വർദ്ധിപ്പിക്കുകയായിരുന്നു.
''കേരളകൗമുദി വായിച്ചപ്പോൾ തന്നെ നടപടിക്ക് നിർദേശം നൽകി. നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ ബസുടമകളുടെ സംഘടനാ നേതാവ് തന്നെ രംഗത്ത് വന്നത് നല്ല ലക്ഷണമാണ്.''
എ.കെ.ശശീന്ദ്രൻ, ഗതാഗതമന്ത്രി