uefa
uefa

നോക്കൗട്ടിൽ വെടിക്കെട്ട് പോരാട്ടങ്ങൾ

നിയോൺ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ പ്രീക്വാർട്ടർ ഫൈനൽ ഫിക്‌സ്ചർ നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ ആരാധകർക്ക് ആവേശം പകരുന്ന പോരാട്ടങ്ങൾക്ക് അരങ്ങ് ഒരുങ്ങി.

31 തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ള റയൽ മാഡ്രിഡും ഇംഗ്ളീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റവും കിടിലൻ പോരാട്ടം. ഗ്രൂപ്പ് റൗണ്ടിൽ പാരീസ് സെന്റ്ജെർമെയ്ന് പിന്നിൽ രണ്ടാംസ്ഥാനത്തായിപ്പോയ റയൽ മാഡ്രിഡിന് ഇത്തവണ നോക്കൗട്ടിൽ തന്നെ കടുത്ത വെല്ലുവിളി നേരിടേണ്ടിവരും. വിഖ്യാത പരിശീലകൻ പെപ് ഗ്വാർഡിയോളയാണ് സിറ്റിക്കൊപ്പമുള്ളത്. റയലിന്റെ കോച്ചായി സിനദിൽ സിദാനും. റയലിനെതിരെ ഏറ്റവും കൂടുതൽ വിജയങ്ങൾ (9) നേടിയ പരിശീലകനാണ് ഗ്വാർഡിയോള. കഴിഞ്ഞ നാലുതവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും സിറ്റിക്ക് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ട് സമനിലകളും രണ്ട് തോൽവികളുമായിരുന്നു ഫലം.

നിലവിലെ ചാമ്പ്യൻമാരായ യൂർഗൻ ക്ളോപ്പ് പരിശീലിപ്പിക്കുന്ന ലിവർപൂൾ പ്രീക്വാർട്ടറിൽ നേരിടുന്നത് ഡീഗോ സിമയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡിനെയാണ്. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ലിവർപൂൾ. അത്‌ലറ്റിക്കോ മാഡ്രിഡ് ലാലിഗയിൽ അഞ്ചാംസ്ഥാനത്താണ്. ഇതിനുമുമ്പ് നാലുതവണ ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഒാരോ വിജയം നേടിയിരുന്നു. രണ്ട് മത്സരങ്ങൾ സമനിലയിലായി.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂട്ടി ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഇറങ്ങിയിരിക്കുന്ന ഇറ്റാലിയൻ ക്ളബ് യുവന്റസിന് ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണാണ് പ്രീക്വാർട്ടർ എതിരാളികൾ. സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്കും പ്രീക്വാർട്ടർ അത്ര വലിയ വെല്ലുവിളിയല്ല. ഇറ്റാലിയൻ ക്ളബ് നാപ്പോളിയാണ് എതിരാളികൾ. ഇംഗ്ളീഷ് ക്ളബ് ചെൽസി മുൻ ചാമ്പ്യൻമാരുടെ പോരാട്ടത്തിൽ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിനെ നേരിടും. പാരീസ് സെന്റ് ജെർമ്മയ്ൻ മറ്റൊരു ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട് മുണ്ടിനെ നേരിടും. ഇംഗ്ളീഷ് ക്ളബ് ടോട്ടൻ ഹാമിന ജർമ്മൻ ക്ളബ് ലെയ്‌പ്സിംഗും സ്പാനിഷ് ക്ളബ് വലൻസിയയ്ക്ക് ഇറ്റാലിയൻ ക്ളബ് അറ്റ്‌ലാന്റയുമാണ് എതിരാളികൾ.

5

യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽ ഇംഗ്ളീഷ് പ്രിമിയർലീഗ്, സ്പാനിഷ് ലാലിഗ, ഇറ്റാലിയൻ സെരി എ, ജർമ്മൻ ബുണ്ടസ്‌ലിഗ ഫ്രഞ്ച് ലീഗ് വൺ- ടീമുകൾ മാത്രമാണ് ഇക്കുറി പ്രീക്വാർട്ടറിലെത്തിയിരിക്കുന്നത്.

11

ഇത്തവണ പ്രീക്വാർട്ടറിൽ എത്തിയ 16 ടീമുകളിൽ പതിനൊന്നും കഴിഞ്ഞ സീസണിലും നോക്കൗട്ടിൽ എത്തിയിരുന്നവരാണ്.

4

ടീമുകൾവീതം ലാലിഗയിൽ നിന്നും പ്രിമിയർ ലീഗിൽ നിന്നും പ്രീക്വാർട്ടറിലെത്തി.

പ്രീക്വാർട്ടർ ഫെബ്രുവരിയിൽ

ഫെബ്രുവരി 18 നാണ് ആദ്യപാദ പ്രീക്വാർട്ടർ മത്സരങ്ങൾ. മാർച്ച് 10ന് രണ്ടാംപാദ മത്സരങ്ങൾ.

പ്രീക്വാർട്ടർ ഫിക്‌സ്‌ചർ

ഡോർട്ട്മുണ്ട് Vs പി.എസ്.ജി

റയൽ Vs മാൻ.സിറ്റി

അറ്റലാന്റ Vs വലൻസിയ

അത്‌ലറ്റിക്കോ Vs ലിവർപൂൾ

ചെൽസി Vs ബയേൺ

ലിയോൺ Vs യുവന്റസ്

ടോട്ടൻഹാം Vs ലെയ്പ്‌സിഗ്

നാപ്പോളി Vs ബാഴ്സലോണ