india-cricket

വിശാഖപട്ടണം : കാര്യവട്ടത്ത് കഴിഞ്ഞയാഴ്ച നടന്ന രണ്ടാം ട്വന്റി 20 യിൽ കണ്ട വിൻഡീസിന്റെ വിജയം ആകസ്മികമല്ലെന്ന് കഴിഞ്ഞദിവസം ചെന്നൈയിൽ ആദ്യ ഏകദിനത്തിൽ തോൽവി അറിഞ്ഞതോടെ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി തിരിച്ചറിഞ്ഞിട്ടുണ്ടാകും. ട്വന്റി 20 പരമ്പരയിൽ 2-1ന്റെ വിജയം നേടിയ ഇന്ത്യയ്ക്ക് പക്ഷേ ഏകദിന പരമ്പരയിൽ അതേ മാർജിനിലെങ്കിലും വിജയം നേടണമെങ്കിൽ ഏറെ വിയർപ്പൊഴുക്കേണ്ടിവരുന്ന സ്ഥിതിയാണ്. നാളെ വിശാഖപട്ടണത്താണ് രണ്ടാം ഏകദിനം.

സമീപകാലത്ത് ഇന്ത്യയിലേക്ക് വന്ന വിൻഡീസ് ടീമുകളിൽ ഏറ്റവും മികച്ചതാണ് പൊള്ളാഡിന്റെ നേതൃത്വത്തിലുള്ളത് എന്നത് പറയാതെ വയ്യ. കഴിഞ്ഞവർഷം ഇന്ത്യൻ പര്യടനം നടത്തിയ വിൻഡീസ് ടീമിനെ അഞ്ചുമത്സര പരമ്പരയിൽ ഇന്ത്യ 3-1ന് കീഴടക്കിയിരുന്നു. ഇൗവർഷം നടത്തിയ വിൻഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയിൽ ഇന്ത്യൻ വിജയം 2-0 ത്തിനായിരുന്നു. ഇക്കുറി പൊള്ളാഡിന് കീഴിലെത്തിയ വിൻഡീസ് ട്വന്റി 20 യിൽ പൊരുതിത്തോറ്റപ്പോൾ ഏകദിനത്തിൽ തുടക്കത്തിൽ തന്നെ മേൽക്കൈ നേടിയിരിക്കുകയാണ്.

ട്വന്റി 20 യിലെ ആദ്യമത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ കാര്യവട്ടത്ത് വിൻഡീസ് തിരിച്ചടി നൽകി. വാങ്കഡെയിൽ വെന്നിക്കൊടിപാറിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. അതിന് മറുപടിയെന്നോണമാണ് ചെന്നൈയിലെ വിൻഡീസിന്റെ വിജയം. ഇരുടീമുകളും ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നേറുമ്പോൾ ക്രിക്കറ്റ് ആരാധകർക്കും ആവേശം കൂടും.

ബൗളർമാർക്ക് ഇതുവരെ കാര്യമായി ഒന്നും ചെയ്യാനായിട്ടില്ലാത്ത ഷോർട്ട് ഫോർമാറ്റ് മത്സരങ്ങളിൽ ബാറ്റ്സ്മാൻമാരുടെ മികവാണ് വിജയ പരാജയങ്ങളെ നിർണയിക്കുന്ന പ്രധാന ഘടകം. കഴിഞ്ഞ ദിവസം സെഞ്ച്വറി നേടിയ ഹെട്‌മേയർ, ഷായ് ഹോപ്പ്, മികച്ച ഫോമിലുള്ള നിക്കോളാസ് പുരാൻ, കെയ്റോൺ പൊള്ളാഡ്, ലെവിസ്, ഹോൾഡർ എന്നിവരൊക്കെ ടീമിലുള്ളത് വിൻഡീസിന് ശക്തി പകരുന്നു. മറുവശത്ത് കൊഹ്‌ലി, രോഹിത് , രാഹുൽ, ശ്രേയസ് എന്നിങ്ങനെ ഇന്ത്യൻ ബാറ്റിംഗും ശക്തമാണ്. ശിവംദുബെ, ജഡേജ, കേദാർ യാദവ്, ഋഷഭ് പന്ത് എന്നിങ്ങനെ മുൻനിരക്കാർക്ക് പിന്തുണ നൽകാൻ ശേഷിയുള്ള മദ്ധ്യനിരയും ഇന്ത്യയ്ക്ക് സ്വന്തം. എന്നാൽ സ്ഥിരതയാണ് ഇവർക്ക് ഇല്ലാത്തത്. അതുതന്നെയാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നവും.

10

വിൻഡീസിനെതിരെ തുടർച്ചയായ 10ാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

2014

നുശേഷം തുടർച്ചയായ 16 ഏകദിന പരമ്പരകളിൽ വിജയിക്കാൻ കഴിയാതിരുന്ന വിൻഡീസ് കഴിഞ്ഞമാസം ഇന്ത്യയിൽവച്ച് അഫ്ഗാനിസ്ഥാനെ 3-0 ത്തിന് തോൽപ്പിച്ചാണ് ആശ്വാസം കണ്ടെത്തിയത്.

'സ്വാഭാവികമായ ശൈലി എന്നൊന്ന് ഇല്ല എന്നാണ് ഇതുവരെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് എനിക്ക് മനസിലായിട്ടുള്ളത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് സ്കോർ ചെയ്യുകയാണ് പ്രധാനം.

ഋഷഭ് പന്ത്.

ഫുട്ബാളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്താണോ അതാണ് ക്രിക്കറ്റിൽ വിരാട് കൊഹ്‌ലി. പ്രതിഭയിൽ രോഹിതിനും രാഹുലിനുമൊക്കെ മീതെയാണ് വിരാട് എന്ന് കരുതുന്നില്ല. പക്ഷേ നിരന്തരമായ പരിശീലനവും ആത്മാർത്ഥതയും വിരാടിനെ എല്ലാവർക്കും മുകളിലാക്കുന്നു.
ബ്രയാൻലാറ