ബാലരാമപുരം: ബാലരാമപുരം ഐത്തിയൂരിൽ ഒരിടത്ത് രണ്ട് ഹൈമാസ്റ്ര് ലൈറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച വിവാദ വിഷയത്തിൽ തദ്ദേശ സ്വയംഭരണ ട്രൈബ്യൂണലിൽ ഹാജരാകാൻ ബാലരാമപുരം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം. 20 ന് ഹാജരാകണമെന്നാണ് ട്രൈബ്യൂണൽ നിർദ്ദേശിച്ചിരിക്കുന്നത്. കളക്ടർക്കും ബന്ധപ്പെട്ട മേലധികാരികൾക്കും ഹൈമാസ്റ്റ് വിവാദത്തിൽ വിൻസെന്റ് എം.എൽ.എ നേരത്തെ പരാതി നൽകിയിരുന്നു. ഐത്തിയൂർ ജംഗ്ഷനിൽ എം.എൽ.എ ഫണ്ട് അനുവദിച്ചതിനു പിന്നാലെ, പദ്ധതി കാലതാമസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് ധനകാര്യ കമ്മിഷനും രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു. കോൺഗ്രസ്-സി.പി.എം നേതൃത്വങ്ങൾ സംഭവം ഏറ്റെടുത്തതോടെ പോര് മുറുകി. ബാലരാമപുരം സി.ഐ ജി.ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടപെട്ടാണ് ഇരുകൂട്ടരെയും പിൻതിരിപ്പിച്ചത്. സംഭവം വിവാദമായതോടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ നടപടികൾ തടസപ്പെട്ടിരിക്കുകയാണ്.