പാറശാല: അപകടത്തിൽ മരിച്ച ഭർത്താവ് ഹരികുമാറിന്റെ അപകട മരണത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതെ നിൽക്കുമ്പോൾ ആണ് പറക്ക മുറ്റാത്ത പൊന്നുമക്കളെ തനിച്ചാക്കി ഭാര്യ ജലജകുമാരിയുടെ ജീവനും അപകടത്തിലൂടെ പൊലിഞ്ഞത്. ചെങ്കൽ വട്ടവിള അഴകിക്കോണം ലക്ഷ്മീസദനത്തിൽ ഡിസൈൻ ജോലിക്കാരനായ ഹരികുമാർ കണ്ണൂരിൽ സ്വന്തം തൊഴിൽ നടത്തിവരവെ ഒന്നര വർഷം മുൻപാണ് രാത്രിയിൽ റോഡ് മുറിച്ച് കടക്കവേ അജ്ഞാതവാഹനം ഇടിച്ച് മരിക്കുന്നത്. അന്വേഷണം എങ്ങും എത്താതെ നിലക്കവെ കുടുംബ ഭാരം ഏറ്റെടുത്ത ജലജകുമാരി നിത്യചെലവുകൾക്കായിട്ടാണ് കഴിഞ്ഞ ആറ് മാസം മുൻപ് ഉദിയൻകുളങ്ങരയിലെ ഒരു ടെക്സ്റ്റയിൽസിൽ ജോലിനേടിയത്. ഇതിനിടെ പാറശാലയിലെ മുത്തൂറ്റ് ശാഖയിലെ ലോണുമായി ബന്ധപ്പെട്ട് പലിശ ഇളവിനായി ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടായിരുന്നു. ഇന്നലെ രാവിലെ സുഹൃത്ത് ധനുവച്ചപുരം സ്വദേശി തുഷാരയുടെ സ്‌കൂട്ടറിൽ പാറശാലയിൽ എത്തി ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയശേഷം തിരികെ മടങ്ങവെയാണ് പാറശാല വച്ച് ഉണ്ടായ അപകടം ജലജകുമാരിയേയും കവർന്നത്. ഇടത് കാലിന് സ്വാധീനക്കുറവുള്ള ജലജകുമാരിയെ പിന്നിലിരുത്തി യാത്ര ചെയ്യവെ പിറകിൽ നിന്നു വന്ന കെ.എസ്.ടി.സി. ബസ് ഇടിച്ചതിനെ തുടർന്നാണ് സ്‌കൂട്ടർ മറിഞ്ഞത്. തുഷാര ഇടത് വശത്തേക്കും ജെകലജകുമാരി വലത് വശത്തേക്കും തെറിച്ച് വീണു. ബസിന്റെ പിൻചക്രം കയറി ജലജാകുമാരി തത്ക്ഷണം മരിച്ചു. അച്ഛന്റെ വിയോഗത്തെ തുടർന്നുള്ള ദുഃഖം മാറാതെ നിൽക്കെയാണ് അമ്മയുടെ മരണവും. മരണം അറിഞ്ഞ മൂത്ത മകളും ചെങ്കൽ സായ്കൃഷ്ണ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ലക്ഷ്മിനായർ ദുഃഖം താങ്ങാനാവാതെ വിങ്ങിപ്പൊട്ടുന്നുണ്ടെങ്കിലും ഇളയ മകളും യു.കെ.ജി വിദ്യാർത്ഥിയുമായ പാർവതിനായർ അമ്മയുടെ വിയോഗം എന്താണെന്ന് പോലും അറിയാതെ, വീട്ടിലെത്തിയ ബന്ധുക്കളുടെ കുട്ടികളോടൊപ്പം കളിച്ച് നടക്കുകയാണ്. കഴിഞ്ഞ 12 വർഷങ്ങൾക്ക് മുൻപാണ് മാരായമുട്ടത്ത് ഓമന അമ്മ മണികണ്ഠൻ നായർ ദമ്പതികളുടെ മകളാണ് ജലജകുമാരി. കുടുംബവീട് നിലനിന്നരുന്ന സ്ഥലത്ത് പുതുതായി നിർമ്മിച്ച വീട്ടിൽ ഹരികുമാറിന്റെ അമ്മ കൃഷ്ണമ്മയോടൊപ്പം ആയിരുന്നു കുടുംബം താമസിച്ചു വന്നത്. അഴകിക്കോണം ശ്രീ ഭദ്രകാളിദേവീക്ഷേത്രത്തിലെ ഭാരവാഹിയായിരുന്ന ശേഖരൻനായരുടെ ഇളയ മകനാണ് ഹരികുമാർ. ഹരികുമാറിന്റെ മൂത്ത ജ്യേഷ്ഠൻ ഗോപകുമാർ കുടുംബവീടിന്റെ അടുത്തുള്ള മറ്റൊരു വീട്ടിലാണ് താമസം. അച്ഛനമ്മമാരുടെ വിയോഗത്തെ തുടർന്ന് കുട്ടികളുടെ ഭാവി കരുപ്പിടിപ്പിക്കാൻ ആരുടെ സഹായം ഉറപ്പാക്കാമെന്ന ആശങ്കയിലാണ് എഴുപത് വയസുള്ള അമ്മൂമ്മ കൃഷ്ണമ്മ.