തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ ഇടതു മുന്നണിയുമായി ചേർന്നു നടത്തിയ പ്രക്ഷോഭത്തിൽ യു.ഡി.എഫിനകത്ത് പ്രതിഷേധം രൂക്ഷം. കൂടിയാലോചിക്കാതെ സമരത്തിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ആർ.എസ്.പിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നലെ വൈകിട്ടു ചേർന്ന യു.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നു. വിമർശനങ്ങളെ തുടർന്ന്, ഇനി എൽ.ഡി.എഫുമായി ചേർന്ന് പ്രക്ഷോഭം നടത്തില്ലെന്ന് മുന്നണി ചെയർമാൻ കൂടിയായ രമേശ് ചെന്നിത്തല യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ വിട്ടുനിന്നെങ്കിലും രാവിലത്തെ സത്യഗ്രഹത്തിൽ ആർ.എസ്.പി നേതാവ് ബാബു ദിവാകരൻ പങ്കെടുത്തിരുന്നു. പ്രതിച്ഛായ തകർന്നു നിൽക്കുന്ന സർക്കാരിനെ സഹായിക്കുന്നതായി സംയുക്തപ്രക്ഷോഭമെന്ന വികാരമാണ് മുല്ലപ്പള്ളിക്കുള്ളതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
പ്രത്യേക നിലപാടിൽ ഊന്നിയുള്ള സമരമായതിനാൽ വിട്ടുനിൽക്കേണ്ടെന്ന് തീരുമാനിച്ചതാണെന്നും അതേസമയം ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധമുണ്ടെന്നുമാണ് ആർ.എസ്.പിയുടെ വാദം. മുന്നണി യോഗത്തിലെ പ്രതിനിധിയായ ബാബു ദിവാകരൻ തലസ്ഥാനത്തുണ്ടായിട്ടും വിട്ടുനിൽക്കുകയായിരുന്നു. മറ്റ് നേതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. അതേസമയം, മുൻനിശ്ചയിച്ച പരിപാടികളുള്ളതിനാൽ യോഗത്തിന് എത്താനാകില്ലെന്ന് മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും അറിയിച്ചിരുന്നതായി പിന്നീട് വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.
സംയുക്ത പ്രക്ഷോഭത്തിന് തീരുമാനിച്ചതിനെതിരെ ആർ.എസ്.പി, സി.എം.പി, ഫോർവേഡ്ബ്ലോക്ക് കക്ഷികൾ നേരത്തേ രംഗത്തെത്തിയിരുന്നു. ഇന്നലെ മുന്നണി യോഗത്തിൽ സി.എം.പി, ഫോർവേഡ് ബ്ലോക്ക് പ്രതിനിധികൾക്കൊപ്പം കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിനും പ്രതിഷേധമറിയിച്ചു.
യോഗത്തിൽ കൺവീനർ ബെന്നി ബെഹനാനാണ് വിഷയം ഉന്നയിച്ചത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം നന്നായെങ്കിലും ഭിന്നതകളുണ്ടായത് നിർഭാഗ്യകരമായെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ സമരത്തിൽ പങ്കെടുത്ത് അവർക്ക് ആയുധം നൽകരുതായിരുന്നെന്ന് സി.എം.പി നേതാവ് സി.പി.ജോൺ വിമർശിച്ചു. പാടില്ലായിരുന്നുവെന്ന് ജോണി നെല്ലൂരും അഭിപ്രായപ്പെട്ടു. പ്രതിപക്ഷനേതാവിനു പോലും തങ്ങളുമായി ചേർന്ന് സമരം ചെയ്യേണ്ടിവന്നുവെന്ന് സി.പി.എം നേതാവ് എം.വി. ഗോവിന്ദൻ പറഞ്ഞത് ചാനലുകളിൽ വരുമ്പോൾ യു.ഡി.എഫാണ് നാണംകെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയം സി.പി.എമ്മിന്റെ കൈകളിലേക്ക് പോകാതിരിക്കാനാണ് സംയുക്തസമരത്തിന് തീരുമാനിച്ചതെന്ന് ചെന്നിത്തല വിശദീകരിച്ചു. സംയുക്തപ്രക്ഷോഭം നല്ല പരിപാടിയായെന്ന് ജെ.ഡി.യു നേതാവ് ജോൺ ജോർജ് അഭിപ്രായപ്പെട്ടു. ഇടുക്കി ഭൂപ്രശ്നത്തിൽ ഇന്ന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് രാവിലെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കാനും ധാരണയായി.