കൊൽക്കത്ത : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മോഹൻ ബഗാനോട് തോറ്റു. ഫ്രാൻ ഗോൺസാലസാണ് ബഗാന്റെ രണ്ട് ഗോളുകളും നേടിയത്. 24-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയായിരുന്നു ഗോൺസാലസിന്റെ ആദ്യഗോൾ. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ നായകൻ മാർക്കസ് ജോസഫ് പെനാൽറ്റിയിലൂടെ ഗോകുലത്തിനെ സമനിലയിലെത്തിച്ചു. എന്നാൽ രണ്ടാംപകുതിയുടെ മൂന്നാംമിനിട്ടിൽ ഗോൺസാലസ് അടുത്ത ഗോൾ നേടി ബഗാന്റെ വിജയം കുറിച്ചു.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ പഞ്ചാബ് 1-0ത്തിന് ഇന്ത്യൻ ആരോസിനെ കീഴടക്കി.
മോമോട്ട : 12 മാസം, 11 കിരീടം
ഷാങ്ഹായ് : ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ ജേതാവായ ജാപ്പനീസ് താരം കെന്റോമോമോട്ട ഇൗവർഷം നേടിയിരിക്കുന്നത് 11 കിരീടങ്ങളാണ്. ഞായറാഴ്ച ഇന്തോനേഷ്യൻ താരം അന്തോണി ജിന്റിംഗിനെ കീഴടക്കിയാണ് മൊമോട്ട വേൾഡ് ടൂർ ഫൈനൽസ് കിരീടം നേടിയിരിക്കുന്നത്.
ഒരു സീസണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ എന്ന റെക്കാഡാണ് 26 കാരനായ മൊമോട്ടയെ തേടിയെത്തിയിരിക്കുന്നത്. വേൾഡ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ആൾ ഇംഗ്ളണ്ട് ഒാപ്പൺ എന്നിവയുൾപ്പെടെയാണ് മൊമോട്ടയുടെ കിരീട നേട്ടങ്ങൾ.
6/73 ഇൗവർഷം 73 മത്സരങ്ങൾ കളിച്ച മൊമോട്ട തോറ്റത് വെറും ആറെണ്ണത്തിൽ മാത്രം.
2010 ൽ മലേഷ്യൻ താരം ലീ ചെംഗ് ഹേയ് നേടിയ 10കിരീടങ്ങളുടെ റെക്കാഡാണ് മൊമോട്ട തോൽപ്പിച്ചത്.
യുവനിരയുമായി ദക്ഷിണാഫ്രിക്ക
കേപ്‌ടൗൺ : പുതിയ പരിശീലകൻ മാർക്ക് ബൗച്ചറിന് കീഴിൽ ഇംഗ്ളണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുന്ന ദക്ഷിണാഫ്രിക്കൻടീമിൽ ആറ പുതുമുഖങ്ങൾ. ഡുപ്ളെസി നയിക്കുന്ന ടീമിൽ പീറ്റർ മലാൻ, റാസി വാൻഡർ ഡുസെൻ, ഡേൻ വാറ്റേഴ്സൺ, ബ്യൂറൻ ഹെൻഡ്രിക്ക്സ്, ഡ്വെയ്ൻ പ്രിറ്റോറിയസ്, റുഡി സെക്കൻഡ് എന്നിവരാണ് അരങ്ങേറ്റം കുറിക്കാനിറങ്ങുന്നത്.
ടെന്നിസിൽ വാതുവയ്പ്പ് വിവാദം
ബെർലിൻ : 135 ഒാളം ടെന്നിസ് താരങ്ങൾ ഉൾപ്പെട്ട വാതുവയ്പ്പ് വിവാദത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത് ജർമ്മൻ മാദ്ധ്യമങ്ങൾ എ.ടി.പി റാങ്കിംഗിൽ ആദ്യ 30 സ്ഥാനത്തിനകത്തുള്ള ഒരുതാരവും വാതുവയ്പ്പ് സംഘത്തിന്റെ സ്വാധീന വലയത്തിൽ പെട്ടെന്ന് റിപ്പോർട്ടുണ്ട്. യൂറോപ്യൻ ഏജൻസികൾ സംഘത്തെപ്പറ്റി അന്വേഷിച്ചുവരികയാണ്.