തിരുവനന്തപുരം: ദുബായിൽ നിന്ന് രണ്ടു കിലോഗ്രാം സ്വർണം കടത്തിയ വഞ്ചിയൂർ സ്റ്റേഷനിലെ ക്രൈം എസ്.ഐ എ.എം.സഫീറിനെയും വനിതാ സുഹൃത്ത് കഴക്കൂട്ടം സ്വദേശി സിമി പ്രജിയെയും തിരുവനന്തപുരം വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഇന്നലെ പിടികൂടി. സ്വർണം ഏറ്റുവാങ്ങാൻ എത്തിയവർ ഇരുവരും പിടിയിലായതറിഞ്ഞ് മുങ്ങി.
ഇന്നലെ പുലർച്ചെയെത്തിയ എമിറേറ്റ്സ് വിമാനത്തിൽ സ്വർണം കടത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സീറ്രിനടിയിൽ നിന്ന് സ്വർണം പിടിച്ചെടുത്തത്. ആദ്യമൊന്നും കുറ്രമേറ്റില്ലെങ്കിലും വിശദമായ ചോദ്യംചെയ്യലിനൊടുവിൽ സഫീർ കുറ്റം സമ്മതിച്ചു. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വർണം കൊടുത്തുവിട്ടവരെ കണ്ടെത്താൻ ദുബായിൽ ഡി.ആർ.ഐ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർമാരാണ് ഇരുവരുമെന്ന് ഡി.ആർ.ഐ പറഞ്ഞു. ചികിത്സയ്ക്കെന്നു പറഞ്ഞ് രണ്ടാഴ്ചത്തെ അവധിയെടുത്ത ശേഷം കഴിഞ്ഞ പത്തിനാണ് സഫീർ ദുബായിലേക്ക് പോയത്. സ്വർണക്കടത്തിനെക്കുറിച്ച് രഹസ്യവിവരം കിട്ടിയ ഡി.ആർ.ഐ വിമാനത്താവളത്തിൽ കാത്തുനിന്നു. പുലർച്ചെ മൂന്നരയ്ക്ക് വിമാനമെത്തിയപ്പോൾ യാത്രക്കാരെ പുറത്തിറക്കി ഡി.ആർ.ഐ വിമാനം പരിശോധിച്ചു. സിമി ഇരുന്ന സീറ്റിന്റെ അടിയിൽ നിന്നാണ് സ്വർണം പിടിച്ചത്. പഴ്സിനുള്ളിൽ ബിസ്കറ്റ് രൂപത്തിൽ പത്ത് കഷണങ്ങളായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. യാത്രക്കാരാരും കുറ്റം സമ്മതിച്ചില്ല. തുടർന്ന് സഫീറും സിമിയും ഇരുന്ന നിരയിലുണ്ടായിരുന്ന 9 പേരെയും ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
തങ്ങൾക്ക് പരസ്പരം അറിയില്ലെന്ന് സിമിയും സഫീറും പറഞ്ഞതാണ് ഇവരെ കുടുക്കിയത്. രണ്ടു പേർക്കും പരസ്പരം അറിയാമെന്ന് ഡി.ആർ.ഐ ശാസ്ത്രീയമായി തെളിയിച്ചതോടെ കുടുങ്ങുകയായിരുന്നു. വിമാനത്താവളം വഴി നേരത്തേ സ്വർണക്കടത്ത് നടത്തിയ കഴക്കൂട്ടത്തെ സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ഡി.ആർ.ഐ പറഞ്ഞു. സഫീറും കഴക്കൂട്ടം സ്വദേശിയാണ്.
സഫീർ തുടർച്ചയായി ഗൾഫിൽ പോയതായി പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഒരുവർഷം മുൻപാണ് ഒടുവിൽ യു.എ.ഇയിൽ പോയത്. രണ്ടാഴ്ചയായി അവധിയിലായിരുന്നെന്നും ഇയാളുടെ വിദേശ യാത്രയെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, ബന്ധുക്കളെ കാണാൻ ഗൾഫിൽ പോകുമെന്ന് വഞ്ചിയൂർ സ്റ്റേഷൻ അധികൃതരെ അറിയിച്ചിരുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ആറിന് പരേഡിനു ശേഷമാണ് സഫീർ സ്റ്റേഷനിൽ നിന്ന് പോയതെന്നാണ് വിവരം. ഇന്നലെ ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്നായിരുന്നു സ്റ്റേഷനിൽ അറിയിച്ചിരുന്നത്.
സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണർ ശംഖുംമുഖം അസി. കമ്മിഷണറോട് റിപ്പോർട്ട് തേടി.