തിരുവനന്തപുരം: ദുബായിൽ നിന്ന് സ്വർണക്കടത്ത് നടത്തുന്ന സംഘത്തിൽ അഭിഭാഷകർക്കും ഗുണ്ടകൾക്കുമൊപ്പം പൊലീസും. വഞ്ചിയൂർ എസ്.ഐ സഫീർ സ്വർണക്കടത്തിന്റെ ഇടനിലക്കാരനാണെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പറയുന്നു. പൊലീസിലെ സ്വാധീനമുപയോഗിച്ച് വിമാനത്താവളത്തിലൂടെ സ്വർണം കടത്തുകയായിരുന്നു ലക്ഷ്യം. വിമാനത്താവളത്തിൽ സുരക്ഷാ, ലെയ്‌സൺ ചുമതലയുള്ള പൊലീസുകാർക്ക് സഫീറുമായുള്ള ബന്ധം പരിശോധിക്കുന്നതായി ഡി.ആർ.ഐ പറഞ്ഞു. തിരുവനന്തപുരത്തെ അഭിഭാഷകനായ കഴക്കൂട്ടം വെട്ടുറോഡ് കരിയിൽ സ്വദേശി ബിജുമോഹന്റെ (45) നേതൃത്വത്തിലായിരുന്നു ദുബായിൽ നിന്നുള്ള സ്വർണക്കടത്ത്. ഈ സംഘത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണൻ അടക്കമുള്ളവർ ജയിലിലാണ്. വിമാനത്താവളത്തിന് പുറത്തെത്തുന്ന സ്വർണം സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതും പണമിടപാടുകൾ നടത്തുന്നതും ഗുണ്ടകളാണ്. ചില കണ്ണികൾ അകത്തായെങ്കിലും ദുബായിൽ നിന്നുള്ള സ്വർണക്കടത്ത് തുടരുകയാണെന്ന് ഡി.ആർ.ഐ പറഞ്ഞു.
കഴിഞ്ഞ മേയിൽ 25കിലോ സ്വർണം കടത്തിയ തിരുമല വിശ്വപ്രകാശം സ്‌കൂളിനു സമീപം താമസിക്കുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാർ (45), സുഹൃത്തും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനിയുമായ സെറീന ഷാജി (42) എന്നിവരെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തിരുന്നു. 25 കിലോഗ്രാം സ്വർണം 4 പോളിത്തീൻ കവറുകളിലാക്കി ഹാൻഡ് ബാഗിലാണ് സെറീന കൊണ്ടുവന്നത്. സമാനമായ രീതിയിലാണ് എസ്.ഐ സഫീറും കൂട്ടുകാരി സിമിയും സ്വർണം കൊണ്ടുവന്നത്.
വിമാനത്താവള ജീവനക്കാരെയും സംശയം
സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ സഹായിച്ചെന്ന് കരുതുന്ന വിമാനത്താവളത്തിലെ ജീവനക്കാരിൽ ചിലരെ ചോദ്യം ചെയ്യുകയാണ്. ഇവരുടെ ഫോൺ, ഇ-മെയിൽ വിലാസങ്ങളുൾപ്പെടെയുള്ള വിവരങ്ങൾ ഡി.ആർ.ഐ പരിശോധിക്കുന്നുണ്ട്. ജീവനക്കാരുടെ സഹായമുള്ളതിനാൽ കസ്റ്റംസ് പരിശോധനകളൊന്നും കൂടാതെ സുരക്ഷിതമായി സ്വർണം പുറത്ത് കടത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് പഴ്സുകളിൽ സ്വർണബാറുകൾ കടത്തിക്കൊണ്ടുവന്നത്.