തിരുവനന്തപുരം: എയർ കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് കടത്താൻ ശ്രമിച്ച രണ്ടര കോടി രൂപ വിലവരുന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. സ്വർണം കടത്തിയ തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി മുഹമ്മദ് ഇബ്രാഹിം അസീം, കൊട്ടാരക്കര സ്വദേശി ശരൺരാജ് എന്നിവർ പിടിയിലായി. ഇവരിൽ നിന്നു 8.7 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്.
ഇന്നലെ വൈകിട്ട് മസ്‌ക്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന അസീം 3.5 കിലോ സ്വർണം കെമിക്കൽ രൂപത്തിൽ പേസ്റ്റാക്കി അരയിൽ കെട്ടുന്ന പ്രത്യേക ബെൽറ്റിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
ഇതിന് തൊട്ടുപിന്നാലെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യൻ വിമാനത്തിലെ യാത്രക്കാരനായിരുന്ന കൊട്ടാരക്കര സ്വദേശി ശരൺരാജ് 5.2 കിലോ സ്വർണം പേസ്റ്റാക്കി അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു.
എയർ കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.സിമിയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മിഷണർ പ്രദീപ്, സൂപ്രണ്ട് രാമചന്ദ്രൻ, ഇൻസ്‌പെക്ടർമാരായ വിശാഖ്, മേഘ, അമാൻ ഗ്രോവർ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.