കുളത്തൂർ: പൗണ്ടുകടവ് വാർഡിൽ പാർവതി പുത്തനാറിന്റെ തീരത്തായി നിർമ്മിക്കുന്ന അബ്ദുൾകലാം പാർക്കിന്റെ പണികൾ ഇഴയുന്നതായി പരാതി. ഈ വരുന്ന മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കി പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നായിരുന്നു അധികൃതരുടെ അവകാശവാദം. എന്നാൽ ഇത്രയും നാളായിട്ടും ഫൗണ്ടേഷൻ ജോലികൾ മാത്രമേ നടന്നിട്ടുള്ളൂ. മറ്റ് ജോലികളൊന്നും ഇതുവരെയും തുടങ്ങിയിട്ടില്ല. പണികൾ ഇഴയുന്നതിന്റെ കാരണം അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൗണ്ടുകടവിനെയും സ്റ്റേഷൻകടവിനെയും ബന്ധിപ്പിച്ച് 1.5 കിലോമീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും നിർമ്മിക്കുന്ന പാർക്ക് നഗരസഭയിലെ ഏറ്റവും നീളം കൂടിയ പാർക്കായിട്ടാണ് കരുതപ്പെടുന്നത്. സ്റ്റേഷൻകടവ് ജംഗ്‌ഷനിൽ വി.എസ്.എസ്.സിയുടെ സ്ഥലത്ത് അബ്ദുൾകലാമിന്റെ പൂർണകായ പ്രതിമ സ്ഥാപിച്ച് കലാം മെമ്മോറിയലും പുൽതകിടിയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതിയുണ്ട്. ഉൾനാടൻ ജലഗതാഗതത്തിന്റെ നാഴികക്കല്ലായി പാർവതി പുത്തനാറിന്റെ തീരം മാറുമ്പോൾ, അബ്ദുൾകലാമിന്റെ പേരിലുള്ള പാർക്കും ഏറെ ശ്രദ്ധനേടും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. റീസൈക്കിൾ ബിന്നിന്റെ രൂപകല്പനയിൽ പണികളുടെ കരാർ ഏറ്റെടുത്തിരുന്നത് ബാങ്കേഴ്സ് കൺസോർഷ്യമായിരുന്നു.

കരാർ കാലാവധി അവസാനിക്കാൻ

ഇനി 90 ദിവസം മാത്രം

പാർക്കിൽ നിർമ്മിക്കേണ്ടത്

---------------------------------------------------

700 മീറ്റർ നീളമുള്ള സൈക്കിൾ ട്രാക്ക്

ചിൽഡ്രൻസ് പാർക്ക്

 വാക്ക് വേ

ഓപ്പൺ ജിം

ടോയ്ലെറ്റ് ബ്ലോക്ക്

ഔഷധത്തോട്ടം

 സൗരോർജ്ജ വിളക്കുകൾ

ആകെ ചെലവ് - 4. 44 കോടി രൂപ

പാർവതി പുത്തനാറിന്റെ തീരത്തെ നിർദ്ധിഷ്ട പദ്ധതി പ്രദേശത്ത് സ്വകാര്യവ്യക്തികളുടെ കൈവശമുള്ള സ്ഥലം വിട്ടുകിട്ടുന്നതിലെ കാലതാമസമാണ് പദ്ധതി മന്ദഗതിയിലാകാൻ കാരണം. ഭൂ ഉടമകളുമായി കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സ്ഥലം വിട്ടുകിട്ടിയാൽ പണികൾ സമയബന്ധിതമായി പൂർത്തീകരിക്കും.

ഗംഗ, റീസൈക്കിൾ ബിൻ ആർക്കിടെക്ട്