kuttaappan

കുന്നത്തൂർ: മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധിയിൽ നിന്നും അനുവദിച്ച ധനസഹായം വാങ്ങാൻ രേഖകളുടെ പകർപ്പെടുത്ത് മടങ്ങിയ വൃദ്ധൻ ബൈക്കിടിച്ച് മരിച്ചു. കുന്നത്തൂർ മനാമ്പുഴ തെങ്ങുംവിളയിൽ ടി.സി കുട്ടപ്പൻ (73) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.40ന് ഏഴാംമൈൽ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. 25000 രൂപ ചികിത്സാ ധനസഹായം അനുവദിച്ചെന്ന കത്ത് ശനിയാഴ്ചയാണ് ഇദ്ദേഹത്തിന് ലഭിച്ചത്.അക്കൗണ്ട് വിവരങ്ങളും അനുബന്ധ രേഖകളുമായി ഇന്നലെ എത്തണമെന്നായിരുന്നു നിർദ്ദേശം.ഉടൻ തന്നെ കുന്നത്തൂർ തുരുത്തിക്കര സർവീസ് സഹകരണ ബാങ്കിന്റെ ഏഴാംമൈൽ ശാഖയിൽ അക്കൗണ്ട് തുടങ്ങിയ കുട്ടപ്പൻ ഫോട്ടോസ്റ്റാറ്റ് എടുത്ത് മടങ്ങവേ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

കടമ്പനാട് ഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.സംഭവ സ്ഥലത്തു വച്ച് മരണം സംഭവിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ സംസ്ക്കരിച്ചു. ഉടമ ഉപേക്ഷിച്ച് പോയ വാഹനം ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.ഭാര്യ: പരേതയായ ഇന്ദിര.മക്കൾ: ടി.കെ ഉണ്ണികൃഷ്ണൻ,ടി.കെ ഉദയൻ,ടി.കെ ബൈജു,ഐ.ഉഷ മരുമക്കൾ:ഷീജ,ലത,ശാലിനി,വിശ്വനാഥൻ.