തിരുവനന്തപുരം: അനധികൃത മണൽകടത്തിന് ഒത്താശ ചെയ്യുന്നെന്ന വിവരത്തെ തുടർന്ന് തമ്പാനൂർ, കരമന പൊലീസ് സ്‌റ്റേഷനുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തി. വിജിലൻസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്നാണ് പരിശോധന. ഇന്നലെ രാവിലെയാണ് സ്റ്റേഷനുകളിലെ രേഖകൾ പരിശോധിച്ചത്. ചില രേഖകളും രജിസ്റ്ററുകളും വിജിലൻസ് സംഘം ശേഖരിച്ചു. മണൽകടത്തിന് പൊലീസ് സഹായം ലഭിക്കുന്നുണ്ടെന്ന തരത്തിലുള്ള വിവരമാണ് വിജിലൻസിന് ലഭിച്ചത്. അടുത്തിടെ നഗരത്തിൽ അനധികൃത മണൽകടത്ത് വർദ്ധിച്ചിട്ടുണ്ട്. തലസ്ഥാനത്ത് നിന്നും വിട്ടുനിന്ന ചില ക്രിമിനൽ സംഘങ്ങൾ വീണ്ടും സജീവമാണ്. ഇവരുടെ മണൽ കടത്തിന് പൊലീസിന്റെ സഹായമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പെറ്റിക്കേസുകളിൽ പിഴ ഈടാക്കുന്നതിൽ തിരിമറി നടക്കുന്നതായും സൂചന ലഭിച്ചിരുന്നു. ഇതിന്റെ രേഖകളും പരിശോധിച്ചു.