energy

കിളിമാനൂർ: ദേശീയ ഉർജ്ജസംരക്ഷണ ദിനത്തിൽ സ്കൂളിൽ വേറിട്ട പദ്ധതി നടപ്പാക്കിയാണ് കിളിമാനൂർ ഗവ. എൽ.പി.എസിലെ കുട്ടികൾ മുതിർന്നവർക്ക് മാതൃകയായത്. ഉപഭോഗം കുറച്ച് വൈദ്യുതി ഊർജം സംരക്ഷിക്കുകവഴി വൈദ്യുതി ബില്ല് കുറയ്ക്കുക എന്ന പദ്ധതിയാണ് കുട്ടികൾ നടപ്പിലാക്കിയത്. ഹരിതസേന ക്ലബും, കിളിമാനൂർ കെ.എസ്.ഇ.ബിയും സംയുക്തമായാണ് പദ്ധതിക്ക് ഏറ്റെടുത്തത്. പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ തങ്ങളുടെ വീടുകളിലെ വൈദ്യുതബില്ലിലെ വിവരങ്ങൾ സ്കൂളിൽ തയ്യാറാക്കിയ ഊർജ്ജ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും,അദ്ധ്യപകരുടെ സഹായത്തോടെ ഓരോവീട്ടിലും ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ എണ്ണം, ഉപയോഗിക്കുന്ന സമയം, ബില്ല് തുക എന്നിവ താരതമ്യംചെയ്ത് ഉൗർജ്ജ ഓഡിറ്റിംഗ് നടത്തുകയും ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുകയും ചെയ്തു. തുടർ മാസങ്ങളിലെ വൈദ്യുത ബില്ലുകൾ പരിശോധിച്ചപ്പോൾ 10 മുതൽ 40 ശതമാനം വരെ ഉപഭോഗം കുറയ്ക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞതായി കണ്ടെത്തി. ഉർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വൈദ്യുതി ബില്ല് കുറയ്ക്കുന്ന കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകാനും സ്കൂൾ പി.ടി.എ തീരുമാനിച്ചു. ദേശീയ ഉർജ്ജസംരക്ഷണദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ, ലേഖനമത്സരം, ആദ്യകാല കാർബൺ ഫിലമെന്റ് ബൾബുകൾ മുതൽ എൽ.ഇ. ഡിവരെയുള്ള വിവിധ ബൾബുകളുടെ പ്രദർശനവും സ്കൂളിൽ സംഘടിപ്പിച്ചു . പരിപാടിയുടെ ഉദ്‌ഘാടനം പ്രധാനാദ്ധ്യാപിക ടി.വി ശാന്തകുമാരിയമ്മ നിർവഹിച്ചു. സ്കൂൾ എസ്.എം.സി - പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ എന്നിവ പങ്കെടുത്തു.