തിരുവനന്തപുരം: അഭിഭാഷകനും കസ്റ്റംസ് സൂപ്രണ്ടിനും പിന്നാലെ എസ്.ഐയും കുടുങ്ങിയ രാജ്യാന്തര വിമാനത്താവളം സ്വർണക്കടത്തിന്റെ ഹബ്ബായി . തലസ്ഥാനത്ത് ഡി.ആർ.ഐയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ മേയിൽ നടത്തിയ വമ്പൻ സ്വർണ്ണവേട്ടയുടെ ( 25 കിലോ) അന്വേഷണം പുരോഗമിക്കുകയും കേസിലെ മുഖ്യകണ്ണിയായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനുൾപ്പെടെയുള്ളവർ കൊഫേപോസ നിയമപ്രകാരം അറസ്റ്റിലാകുകയും ചെയ്ത് ദിവസങ്ങൾക്കകമാണ് വീണ്ടും തലസ്ഥാനത്ത് ലക്ഷങ്ങളുടെ സ്വർണവേട്ട നടന്നത്. വിവാഹ സീസൺ വരാനിരിക്കെ സ്വർണവിപണിയിലെ വിലക്കയറ്റം മുന്നിൽകണ്ട് കോടികൾ കീശയിലാക്കാൻ തലസ്ഥാനം കേന്ദ്രീകരിച്ചുള്ള ലോബിയാണ് ഗൾഫിലെ ഇടനിലക്കാരുടെ സഹായത്തോടെ സ്വർണം കേരളത്തിലേക്ക് ഒഴുക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ ഒത്താശയോടെ ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന കടത്ത് ഇവരുടെ അറസ്റ്റോടെ നിലച്ചപ്പോഴാണ് പുതിയ സംഘത്തെ രംഗത്തിറക്കിയത്.
തിരുവനന്തപുരം ഇടത്താവളം
കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മുമ്പ് കള്ളക്കടത്ത് സംഘങ്ങളുടെ പ്രവർത്തനം. അവിടെ പരിശോധന കർശനമാകുകയും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ വരവ് കൂടുകയും ചെയ്തതോടെയാണ് തിരുവനന്തപുരം വിമാനത്താവളം കളളക്കടത്ത് സംഘങ്ങളുടെ ഇഷ്ടതാവളമായത്. മലബാർ മേഖലയിലുള്ളവരായിരുന്നു തിരുവനന്തപുരം കേന്ദ്രീകരിച്ച് കള്ളക്കടത്ത് തുടങ്ങിയത്. വിമാനത്താവള ജീവനക്കാരിൽ നിന്നും കസ്റ്റംസ് - പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഇക്കാര്യം മണത്തറിഞ്ഞ തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങൾ കള്ളക്കടത്ത് സംഘങ്ങളെ തിരിച്ചറിയുകയും അവരെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവരുകയും ഹഫ്ത പിരിക്കുകയും ചെയ്യുന്നത് പതിവായി. അനധികൃത സ്വർണവും പണവുമായതിനാൽ തുടക്കത്തിൽ പലരും പരാതി നൽകിയില്ല. ഇത് മുതലെടുത്ത ഗുണ്ടാ സംഘങ്ങൾ കള്ളക്കടത്തിന്റെ സാമ്പത്തിക ശാസ്ത്രം മനസിലാക്കി സ്വന്തം നിലയ്ക്ക് ബിസിനസ് ആരംഭിക്കുകയായിരുന്നു. ജില്ലയിലും പുറത്തുമുള്ള വലുതും ചെറുതുമായ സ്വർണക്കടക്കാർക്ക് നികുതിവെട്ടിച്ച് ആഭരണങ്ങൾ നിർമ്മിച്ച് നൽകി പണമുണ്ടാക്കി. ഇതോടെ കടത്തുകാർ പലരും പിന്നീട് പലഗ്രൂപ്പുകളായി. ഇവർക്ക് സഹായവുമായി ഗുണ്ടാസംഘങ്ങൾ രംഗത്തെത്തി.
മാഫിയകളുടെ പിടിയിൽ
വിമാനത്താവള പരിസരം ഇപ്പോൾ മാഫിയകളുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് കള്ളക്കടത്തുകാരെ കൊള്ളയടിക്കാനെത്തിയെന്ന് കരുതുന്ന ഒരു സംഘം പൊലീസിനെ കണ്ട് ബാൻഡേജും ടേപ്പും കത്തിയുൾപ്പെടെയുള്ള ആയുധങ്ങളും ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. വിമാനത്തിലെയും വിമാനത്താവളത്തിലെയും ചില ജീവനക്കാരും കള്ളക്കടത്ത് സംഘങ്ങളുമായുള്ള അഹിവിത ഇടപാടുകളാണ് സുരക്ഷാ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കുന്ന കടത്തിന് പിന്നിൽ.
കിലോയ്ക്ക് 4 ലക്ഷം ലാഭം
ദുബായിൽ നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തെത്തുന്ന ആറുമണിക്കൂർ സമയം റിസ്ക്കെടുക്കാൻ തയ്യാറായാൽ കിലോയ്ക്ക് നാലുലക്ഷമാണ് ഏറ്റവും കുറഞ്ഞ കള്ളക്കടത്തിലെ ലാഭം. കാരിയർമാരായി എത്തുന്നവർക്ക് അരലക്ഷം പ്രതിഫലവും ചെലവും നൽകിയാൽ പോലും മൂന്നു ലക്ഷത്തിലധികം രൂപ കീശയിലാകും. പെട്ടെന്ന് പണക്കാരാകാൻ ആഗ്രഹമുള്ളവരാണ് അൽപ്പ സ്വൽപ്പം ഉദ്യോഗസ്ഥ സ്വാധീനവും രാഷ്ട്രീയ പിന്തുണയും മറയാക്കി സ്വർണകള്ളക്കടത്തിന് പുറപ്പെടുന്നത്. തുടക്കത്തിൽ കാൽക്കോടി രൂപ കൈവശമുളളവർക്കാർക്കും കടത്തുകാരാകാം. ബിസിനസിലൂടെ ഗൾഫ് സംഘങ്ങളുടെ വിശ്വാസം പിടിച്ചുപറ്റിയാൽ എത്രകോടിയുടെ സ്വർണം വേണമെങ്കിലും കടമായി കടത്തി നൽകും. വിറ്റശേഷം ലാഭം കഴിച്ച് ബാക്കി പണം നൽകണമെന്ന് മാത്രം. അഞ്ചോ ആറോ തവണത്തെ ഇടപാടോടെ ഗൾഫ് കേന്ദ്രീകരിച്ചുള്ള സംഘങ്ങളുടെ വിശ്വാസം നേടിയെടുത്തവരാണ് ഇപ്പോൾ തലസ്ഥാനത്തുള്ള കള്ളക്കടത്ത് സംഘങ്ങൾ. കഴക്കൂട്ടം, വള്ളക്കടവ്, തിരുമല, പൂന്തുറ , ചാല, കിഴക്കേക്കോട്ട തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ളവരാണ് ഇവരിലേറെപ്പേരും. പൊടി രൂപത്തിലും ദ്രാവക രൂപത്തിലും ഓയിലും കുഴമ്പുമാക്കിയും പലവിധത്തിലും സ്വർണം കടത്തിയവർ പിടിക്കാതിരിക്കാൻ പുതിയ തന്ത്രങ്ങളാണ് ഓരോ ദിവസവും പയറ്റുന്നത്. ശരീര ഭാഗങ്ങളിലും വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചുളള കടത്ത് പിടിക്കപ്പെട്ടതോടെ എമർജൻസി ലൈറ്റുകൾ, ഇസ്തിരിപ്പെട്ടി, ടോർച്ച് എന്നിവയ്ക്കുളളിൽ പാർട്സുകളുടെ രൂപത്തിലും ലോഹപാളികളാക്കിയുമാണ് കടത്ത്.
കുടുങ്ങിയത് കൊമ്പൻമാർ
ഇക്കഴിഞ്ഞ മേയിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറായ സുനിൽകുമാറിനെയും വനിതാ സുഹൃത്ത് സെറീന ഷാജിയേയും 25 കിലോ സ്വർണവുമായി പിടികൂടിയ കേസിലാണ് അഭിഭാഷകനും കസ്റ്റംസ് സൂപ്രണ്ടുമുൾപ്പെടെയുള്ള വമ്പൻമാർ കുടുങ്ങിയത്. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജർ പ്രകാശ് തമ്പിയും സുഹൃത്ത് വിഷ്ണുസോമസുന്ദരവും ഉൾപ്പെടെ 9 പേരെ പിടികൂടിയ കേസിൽ 20 ഓളം പേർ ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി തുടരുകയാണ്. നാല് പോളിത്തീൻ കവറുകളിലാക്കി ഹാൻഡ് ബാഗിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്തികൊണ്ടുവന്നത്. കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തേക്ക് പാേയ ഇവരെ ഡി.ആർ.ഐ പിടികൂടിയതോടെയാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ അറിവോടെയായിരുന്നു കടത്തെന്ന് മനസിലായത്.