തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ ജില്ലയിൽ ഭാഗികമായിരുന്നു. റോഡ് തടയുകയും കടകളും സ്ഥാപനങ്ങളും അടപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത 50ഓളം പേരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ് കസ്റ്റഡിയിലെടുത്തു. ചില സ്ഥലങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ സമരാനുകൂലികൾ കല്ലെറിഞ്ഞു. വാഹനങ്ങളിൽ യാത്രചെയ്‌തവരെ ആക്രമിക്കാനും ശ്രമമുണ്ടായി. പൊലീസ് കാവൽ ഉണ്ടായിരുന്നിട്ടും ചില കേന്ദ്രങ്ങളിലെ കടകൾ തുറക്കാൻ സമരാനുകൂലികൾ അനുവദിച്ചില്ല. ഹർത്താൽ അനുകൂലികൾ ഏജീസ് ഓഫീസിലേക്ക് നടത്തിയ പ്രകടനത്തിനിടെ കല്ലേറുണ്ടായി. ഓവർബ്രിഡ്‌ജിൽ തുറന്നിരുന്ന കടകൾക്ക് നേരെ ഹർത്താൽ അനുകൂലികൾ എറിഞ്ഞ കല്ല് ബസ് കാത്തുനിന്ന വഴിയാത്രക്കാരന്റെ ദേഹത്തുപതിച്ചു. ഇന്റർവ്യൂവിൽ പങ്കെടുക്കാനായി പോയ കരമന സ്വദേശി അനൂപിനാണ് പരിക്കേറ്റത്. ഹർത്താലനുകൂലികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നെടുമങ്ങാട് അഴിക്കോടിനടുത്ത് വളവെട്ടിയിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. പേരൂർക്കട ഡിപ്പോയിലെ ബസിന്റെ ചില്ലാണ് എറിഞ്ഞുതകർത്തത്. നെയ്യാറിൻകര,​ ബാലരാമപുരം,​ ആറ്റിങ്ങൽ എന്നിവിടങ്ങളിലും കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. സി.ഇ.ടി എൻജിനിയറിംഗ് കോളേജിൽ പരീക്ഷ മാറ്റിവയ്‌ക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പരീക്ഷാച്ചുമതലയുള്ള അദ്ധ്യാപകനെ തടഞ്ഞുവച്ചു. കല്ലറ പനച്ചമൂട്ടിൽ സ്ഥാപനങ്ങൾ അടപ്പിക്കാനുള്ള ശ്രമം സംഘർഷാന്തരീക്ഷം ഉണ്ടാക്കിയെങ്കിലും പൊലീസ് ഇടപെട്ട് ഒഴിവാക്കി.