ksrtc

കല്ലമ്പലം: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, മൈനോറിറ്റി റൈറ്റ്സ് വാച്ച് തുടങ്ങിയ സംഘടനകളടങ്ങിയ സംയുക്ത സമര സമിതി ആഹ്വാനം ചെയ്‌ത ഹർത്താൽ കല്ലമ്പലം മേഖലകളിൽ ഭാഗികം. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ലെങ്കിലും കെ.എസ്.ആർ.ടി ബസുകൾ സർവീസ് നടത്തി. തട്ടുപാലത്ത് പ്രതിഷേധ പ്രകടനം നടത്തിയ 14 എസ്.ഡി.പി.ഐ പ്രവർത്തകരെ കല്ലമ്പലം പൊലീസ് അറസ്റ്റുചെയ്‌തു. എസ്.ഡി.പി.ഐ വർക്കല മണ്ഡലം പ്രവർത്തകരായ കരിമ്പുവിള സ്വദേശി സുധീർ, കല്ലമ്പലം സ്വദേശികളായ യൂസഫ്‌, സുധീർ, നിസാം, മരുതിക്കുന്ന് സ്വദേശികളായ സജീർ, നിസാം, പുതുശേരി മുക്ക് സ്വദേശി സുധീർ, വട്ടക്കോണം സ്വദേശികളായ നൗഷാദ്, അലി, റഷീദ് , മധു, സുരേഷ്, നിജാസ്, അലി എന്നിവരെയാണ് അറസ്റ്റുചെയ്‌തത്. ഇവരെ രാത്രിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നാവായിക്കുളം തുമ്പോട് റോഡിൽ കരിമ്പുവിള, ഞാറയിൽക്കോണം ഭാഗങ്ങളിൽ കൂറ്റൻ മരക്കഷണങ്ങളും പാറകളും റോഡിലിട്ട് ഗതാഗത തടസം സൃഷ്ടിച്ചെങ്കിലും പൊലീസ് ഇവ നീക്കം ചെയ്‌തു.