
പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ വാർഡിൽ 32 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ഇടിഞ്ഞാർ ഗവ: ആയുർവേദ ട്രൈബൽ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5ന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ഡി.കെ. മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യാതിഥിയുമായിരിക്കും. കെ.പി. ചന്ദ്രൻ ,പി. ചിത്രകുമാരി, ഡോ. കെ.എസ്. പ്രിയ, ഷീബാ ഗിരീഷ്, സിന്ധു കുമാരി, റീജാ ഷെനിൽ, എ. റിയാസ്, റോബർട്ട് രാജ്, എ. റഹിം തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ആശംസകൾ അർപ്പിക്കും. പെരിങ്ങമ്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി വി. ജ്യോതിസ് നന്ദിയും രേഖപ്പെടുത്തും. ഇടിഞ്ഞാറുകാരുടെ ചിരകാലസ്വപ്നമാണ് ആധുനികസൗകര്യങ്ങളുള്ള ഒരു ആയുർവേദ ആശുപത്രി. നിലവിൽ ബ്രൈമൂർ, മങ്കയം, കല്ലണകരിയ്ക്കകം, വിട്ടിക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമെല്ലാം ആദിവാസികൾ ഉൾപ്പെടെയുള്ള രോഗികൾ പാലോട് ആയുർവേദ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. കൈയോ കാലോ ഒടിഞ്ഞാൽ കിലോമീറ്ററുകൾ താണ്ടിവേണം പാലോട് എത്താൻ. ഇടിഞ്ഞാറിലെ പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞാൽ ഒരു ദുരിതയാത്ര ഒഴിവാക്കാം. ഇടിഞ്ഞാർ കഴിഞ്ഞാൽ ആദിവാസിമേഖലയായ ഇലഞ്ചിയത്താണ് മറ്റൊരു ആയുർവേദ ആശുപത്രിയുള്ളത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ കൊച്ചുവിള, ഇടവം, ഇടിഞ്ഞാർ, ഞാറനീലി വാർഡുകളിൽപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഈ ആരോഗ്യകേന്ദ്രത്തിന്റെ സേവനം ലഭിക്കും.