കിളിമാനൂർ: വന്യമൃഗങ്ങളുടെ ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന ഭീതിയിലാണ് നാട്ടുകാർ. കാർഷിക വിഭവങ്ങൾ നശിപ്പിക്കുന്നതും പോരാഞ്ഞിട്ട് നാട്ടുകാരെ ആക്രമിക്കാൻ കൂടി തുടങ്ങിയതോടെ പൊറുതി മുട്ടി കഴിയുകയാണ് ഒരു ഗ്രാമം. കുന്നുമ്മൽ പഞ്ചായത്തിലെ അടയമണിൽ ഇപ്പോൾ കൃഷി ചെയ്യാനും പുറത്തിറങ്ങാനും കഴിയാത്ത അവസ്ഥയാണ്. മേഖലയിൽ കുരങ്ങന്മാരും പന്നികളും പാമ്പും ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമാകാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇവറ്റകൾ കാർഷിക വിഭവങ്ങളെല്ലാം ഒന്നൊന്നായി നശിപ്പിക്കുകയാണ്. പറമ്പുകളിൽ സംഘടിച്ചെത്തുന്ന കുരങ്ങന്മാർ നാളികേരം പാകമാകുന്നതിനും മുമ്പേ പറിച്ചെടുത്ത് കളയുന്നു. പച്ചക്കറികളും വാഴക്കുലകളും നശിപ്പിക്കുന്നത് വേറെ. മൂപ്പെത്തിയ നിരവധി വാഴക്കുലകളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. ഇത് കൂടാതെ വീടിന്റെ മുകളിൽ കയറി വാട്ടർ ടാങ്കിന്റെ മൂടി മാറ്റി ടാങ്കിലിറങ്ങി കുളിക്കുന്ന കുരങ്ങന്മാർ അയയിൽ കഴുകിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ എടുത്തുകൊണ്ട് പോകുന്ന കാഴ്ച ഇവിടെ പതിവാണ്. ഇപ്പോൾ ടെറസിൽ തുണി വിരിക്കാൻ പോയിട്ട് റബർ ഷീറ്റ് ഉണക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
മുമ്പ് രാത്രി കാലങ്ങളിൽ മാത്രം പുറത്തിറങ്ങിയിരുന്ന ഇവ ഇപ്പോൾ പകലും സജീവം. എൽ.പി.എസ്, യു.പി.എസ്. എന്നിങ്ങനെ രണ്ട് സ്കൂളുകൾ സ്ഥിതി ചെയ്യുന്ന അടയമണിൽ രക്ഷിതാക്കൾക്ക് കുട്ടികളെ സ്കൂളിലേയ്ക്കയക്കാൻ തന്നെ പേടിയാണ്. കാലം തെറ്റി വന്ന കാലാവസ്ഥയിൽ വൈകി ഇറക്കിയ ഒന്നാം വിള നെൽക്കൃഷിയിലും കാൽ ഭാഗത്തോളം പന്നികൾ നശിപ്പിച്ചതായി കർഷകർ പറയുന്നു. പണയം വച്ചും ലോണെടുത്തുമൊക്കെയാണ് കർഷകർ കൃഷിയിറക്കിയത്. ഇക്കണക്കിന് രണ്ടാം വിള ഇറക്കിയിട്ട് കാര്യമില്ലന്നാണ് കർഷകർ പറയുന്നത്
ജീവന് ഭീഷണി
കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയാവുകയാണ് .പ്രദേശത്ത് നിരവധി പേർ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഏറ്റവും ഒടുവിൽ അടയമൺ പറമ്പുകണ്ടത്തിൽ വീട്ടിൽ ,നിലമേൽ വില്ലേജ് ഓഫീസറായ നിതിൻ കൈലാസ് സഞ്ചരിച്ചിരുന്ന ബൈക്ക് പന്നികൾ ആക്രമിക്കുകയും നിതിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആഴ്ചകൾക്ക് മുമ്പ് ആർ.സി.സിയിൽ ചികത്സയ്ക്കായി പോകാൻ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്ന വീട്ടമ്മയെ പന്നി ആക്രമിക്കുകയും കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ
ഇതുവരെ 15 എണ്ണം
വന്യജീവി (സംരക്ഷണ) നിയമം 1972 ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവോ, രണ്ടായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ആയി ശിക്ഷിക്കപ്പെടാവുന്നതാണ്. 1991 -ൽ ഉണ്ടായ ഭേദഗതിപ്രകാരം പിഴ 3000 രൂപവരെയായും തടവു കാലഘട്ടം 3 വർഷം വരെയായും ഉയർത്തി.
കർഷകർക്ക് ഭീഷണി
വന്യ ജീവികളുടെ ആക്രമണം കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്നു. വാഴ, മരിച്ചീനി, പച്ചക്കറികൾ എന്നിവ ഒന്നില്ലാതെ നശിപ്പിക്കുകയാണ് .സ്വകാര്യ വ്യക്തികളുടെ ഉൾപ്പെടെ വർഷങ്ങളായി കാടുപിടിച്ച് കിടക്കുന്ന പ്രദേശങ്ങളിൽ കഴിയുന്ന ഇവയുടെ ശല്യം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. പ്രദേശത്ത് പാടശേഖര സമിതിയുടെയും, കൃഷിഭവന്റെയും, പഞ്ചായത്തിന്റെയും ഒക്കെ സഹകരണത്തോടെ മികച്ച രീതിയിൽ കൃഷി അവശേഷിക്കുന്ന ഒരു പ്രദേശമാണ് അടയമൺ .ഇക്കണക്കിന് പോയാൽ ഇനിയുള്ള കാലം കൃഷി ചെയ്ത് ജീവിക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്.
നാട്ടിലും വന്യത
പകൽ പോലും ഭീഷണി
ആക്രമണം പതിവാകുന്നു
കൃഷി നാശം രൂക്ഷം
വീട്ടുപകരണങ്ങൾ തകർത്തു
പറമ്പുകളിൽ തമ്പടിച്ചു
വന്യമൃഗ സംരക്ഷണ നിയമത്തിൽ നിന്ന് പന്നിയെ മാറ്റണം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണം. കാർഷിക മേഖലയെ സംരക്ഷിച്ച് കർഷകനെ രക്ഷിക്കണം.
- അടയമൺ മുരളീധരൻ, ആൾ ഇന്ത്യ കിസാൻ
കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി