പുതുവൈപ്പിലെ പാചക വാതക ടെർമിനലിന്റെ രണ്ടരവർഷം മുൻപ് നിറുത്തിവയ്ക്കേണ്ടി വന്ന പണി തിങ്കളാഴ്ച പുനരാരംഭിച്ചു എന്ന വാർത്ത സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ താത്പര്യമുള്ള സകലർക്കും ആഹ്ളാദം പകരും. അനാവശ്യമായ സുരക്ഷാഭീതി ജനിപ്പിച്ച് നാട്ടുകാരെ ഒന്നടങ്കം ഇൗ ടെർമിനൽ പദ്ധതിക്കെതിരെ അണിനിരത്തിയതോടെയാണ് നിർമ്മാണം നിലച്ചുപോയത്. ടെർമിനൽ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമാകുകയും പ്രക്ഷോഭകാരികൾ പൊലീസ് മുറ നേരിടേണ്ടി വരികയും ചെയ്തു. തുടർന്ന് സർക്കാർ ഇടപെട്ട് നിറുത്തിവയ്പിച്ച പണി ഇപ്പോഴാണ് പുനരാരംഭിക്കാൻ കഴിഞ്ഞത്. മരിക്കേണ്ടിവന്നാലും ടെർമിനൽ നിർമ്മാണം അനുവദിക്കില്ലെന്ന വാശിയിൽനിന്ന നാട്ടുകാരുടെ നിലപാടിൽ അയവു വന്നിട്ടൊന്നുമില്ല.അതീവ രഹസ്യമായിട്ടാണ് പണി വീണ്ടും തുടങ്ങാനുള്ള കരുക്കൾ നീക്കിയത്. രണ്ടായിരത്തോളം പൊലീസുകാരെ ഞായറാഴ്ച വൈകിട്ടു തന്നെ ദ്വീപിലെത്തിച്ചിരുന്നു. എത്ര വലിയ എതിർപ്പുണ്ടായാലും പൊലീസ് കാവലിൽ പണി നിർവിഘ്നം തുടരാൻ വേണ്ട ഏർപ്പാടുകളും ചെയ്തിരുന്നു. നിർമ്മാണ ജോലികളിലേർപ്പെടുന്നവർക്ക് ഒന്നര മാസം വച്ചുണ്ണാനുള്ള സകല വിഭവങ്ങളും കരുതിയശേഷമാണ് തിങ്കളാഴ്ച രാവിലെ നിർമ്മാണം പുനരാരംഭിച്ചത്. പ്രതീക്ഷയ്ക്കു വിരുദ്ധമായി സംഘർഷമൊന്നും ഉണ്ടായില്ല. സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചതാകാം കാരണം.
രണ്ടര വർഷംമുൻപ് എൽ.പി.ജി. ടെർമിനലിന്റെ പണി നിറുത്തിവയ്ക്കേണ്ടി വന്നപ്പോൾ നാല്പതുശതമാനം ജോലിയേ പൂർത്തിയായിരുന്നുള്ളൂ. 3200 കോടി രൂപ നിർമ്മാണച്ചെലവ് കണക്കാക്കിയിരുന്ന പദ്ധതി അപ്രതീക്ഷിതമായ ജനകീയ പ്രക്ഷോഭത്തിൽപ്പെട്ട് പാളംതെറ്റിയതോടെ നേരത്തെ കണക്കാക്കിയതിലും അധികംപണം കണ്ടെത്തേണ്ടിവരും. രണ്ടുവർഷം മുൻപ് പ്രവർത്തനക്ഷമമാകേണ്ട പദ്ധതി ഇക്കാലംകൊണ്ട് സംസ്ഥാന സർക്കാരിനു ലഭിക്കുമായിരുന്ന കോടിക്കണക്കിന് രൂപയുടെ നികുതി വരുമാനവും ഇല്ലാതാക്കി. ഇറക്കുമതി ചെയ്യുന്ന എൽ. പി.ജിക്ക് നികുതി ചുമത്തുക വഴി ഒരുവർഷം സംസ്ഥാനത്തിന് 300 കോടി രൂപയെങ്കിലും വരുമാനമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. രണ്ടുവർഷംകൊണ്ട് നഷ്ടമായത് 600കോടിരൂപ. പരോക്ഷമായി പുതുവൈപ്പിനും കൊച്ചി നഗരത്തിനും ലഭിക്കേണ്ടിയിരുന്ന മറ്റുതരത്തിലുള്ള നേട്ടങ്ങൾ വേറെ.
പുതുവൈപ്പ് എൽ.പി.ജി ടെർമിനലിനെക്കുറിച്ചുള്ള ആശയം മൊട്ടിട്ടത് 2010 ലാണ്. നിലവിൽ ടാങ്കറുകൾ വഴി കൊണ്ടുപോകുന്ന പാചകവാതകം പൈപ്പുവഴി തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. കപ്പലുകളിൽ പുതുവൈപ്പിലെത്തിക്കുന്ന വാതകം അവിടെ ശേഖരിച്ച് പൈപ്പ് വഴി ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്നതായിരുന്നു പദ്ധതി. ഇതിനായുള്ള മൾട്ടി യൂസർ ടെർമിനലിന്റെ പണി പൂർത്തിയാക്കിയിട്ടുണ്ട്. പാചകവാതകം ഭൂമിക്കടിയിൽ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളുടെ പണി നാല്പതു ശതമാനം പൂർത്തിയായപ്പോഴാണ് സുരക്ഷാഭീഷണി ഉയർത്തി നാട്ടുകാർ നിർമ്മാണം തടഞ്ഞത്. ലോകനിലവാരമനുസരിച്ചുള്ള സകലവിധ സുരക്ഷാ മുൻകരുതലുകളും ഏർപ്പെടുത്തിയാണ് എൽ.പി.ജി ടെർമിനൽ പ്രവർത്തിക്കുകയെന്ന് വിദഗ്ദ്ധന്മാർ ഉൾപ്പെടെയുള്ളവരുടെ വാക്കു കേൾക്കാതെയാണ് നാട്ടുകാരെ തത്പരകക്ഷികൾ പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടത്. സംസ്ഥാനത്തിന്റെ വികസനപാതയിൽ നാഴികക്കല്ലാകേണ്ട മറ്റൊരു പദ്ധതിയാണ് വിവേകശൂന്യമായ എതിർപ്പിലൂടെ രണ്ടരവർഷത്തോളം തടഞ്ഞിട്ടത്. പരിസ്ഥിതി ട്രൈബ്യൂണലിന്റെയും കോടതിയുടെയുമൊക്കെ അനുമതിയോടെ മാത്രം പണി തുടങ്ങിയ ടെർമിനലിനു ഇപ്പോൾ പുതുജീവൻവയ്ക്കുമ്പോൾ നഷ്ടമായ വർഷങ്ങളെക്കുറിച്ചോർത്തിട്ട് ഇനി കാര്യമൊന്നുമില്ല. എത്രയുംവേഗം പണി പൂർത്തിയാക്കി പദ്ധതി കമ്മിഷൻ ചെയ്യുകയാണ് പ്രധാനം. സംസ്ഥാന സർക്കാരിന്റെ ദൃഢനിശ്ചയം ഒരിക്കൽകൂടി പുറത്തെടുക്കേണ്ട സന്ദർഭമാണിത്. പദ്ധതി വൈകിയതുമൂലം നിർമ്മാണ കമ്പനിക്കുണ്ടായ ഭീമമായ നഷ്ടം ആര് നികത്തുമെന്ന ചോദ്യം പ്രസക്തമാണ്.
പുതുവൈപ്പ് ടെർമിനൽ പ്രവർത്തനക്ഷമമാകുന്നതോടെ മരണഭീതി ജനിപ്പിച്ച് ദേശീയപാതയിലൂടെ ഒാടിക്കൊണ്ടിരിക്കുന്ന കൂറ്റൻ എൽ.പി.ജി ടാങ്കറുകൾ ഒഴിവാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം. വടക്കൻ ജില്ലകളിൽ ടാങ്കറുകൾ അപകടത്തിൽപ്പെടാത്ത ഒറ്റമാസം പോലുമില്ല. കഴിഞ്ഞ അഞ്ചുവർഷത്തിനിടയ്ക്ക് എഴുപതിലേറെ വലിയ അപകടങ്ങളാണ് എൽ.പി.ജി ടാങ്കറുകൾ ഉണ്ടാക്കിയത്.
മംഗലാപുരത്തുനിന്നുമാത്രം ഒരുവർഷം 7500 ടാങ്കറുകളാണ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമായി സദാ ഒാടിക്കൊണ്ടിരിക്കുന്നത്. പുതുവൈപ്പ് എൽ.പി.ജി ടെർമിനലിനെതിരായ പ്രക്ഷോഭത്തിന് പിന്നിൽ ടാങ്കർ ലോറി ലോബിയുടെ അദൃശ്യകരങ്ങൾ തള്ളിക്കളയാവതല്ല. ടെർമിനൽ നാടിനോ നാട്ടുകാർക്കോ ഒരുവിധ ഭീഷണിയും ഉയർത്തുകയില്ലെന്ന ഐ.ഒ.സിയുടെ ഉറപ്പ് അവിശ്വസിക്കേണ്ട കാര്യമില്ല. അത്രയധികം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ളതാണ് ഇതിന്റെ നിർമ്മാണം. എൽ.പി.ജി ടെർമിനലുകൾ ലോകത്ത് എല്ലായിടത്തും പ്രവർത്തിക്കുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാനും അപകടമുണ്ടായാൽത്തന്നെ ഫലപ്രദമായി നേരിടാനുമൊക്കെയുള്ള സംവിധാനങ്ങളോടെയാണ് അവ പ്രവർത്തിക്കുന്നത്. പുതുവൈപ്പിന് മാത്രമായി പുതുതായി അപകടഭീതി തോന്നേണ്ട കാര്യമില്ല.
എൽ.പി.ജി ടെർമിനൽ പോലെ നാട്ടുകാരുടെ അടിസ്ഥാനരഹിതമായ എതിർപ്പും പ്രതിഷേധവും കാരണം കിടന്നുപോയ മറ്റൊരു വമ്പൻ പദ്ധതിയാണ് എൽ.എൻ.ജി പൈപ്പ് ലൈൻ. അതിനെതിരെയും വർഷങ്ങളോളം നീണ്ട സംഘടിതമായ നീക്കങ്ങളുണ്ടായി. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം അത് ലക്ഷ്യത്തിലെത്താറായിരിക്കുകയാണ്. വികസന പദ്ധതികൾ പ്രാവർത്തികമാക്കാൻ ജനങ്ങൾ ചില വിട്ടുവീഴ്ചകൾക്കു തയ്യാറാകേണ്ടിവരും. തടസവാദങ്ങളും ചെറുത്തുനില്പുംകൊണ്ട് നാടു നന്നാവുകയില്ല.