വെഞ്ഞാറമൂട്: കാരേറ്റ് - നഗരൂർ റോഡിൽ വൈദ്യുതി പ്രവാഹമുണ്ടായിരുന്ന പോസ്റ്റ് റോഡിനു കുറുകെ മറിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സ്, കെ.എസ്.ഇ.ബി അധികൃതരുടെ അടിയന്തര ഇടപെടൽ വൻദുരന്തം ഒഴിവാക്കി. ഓട നിർമ്മാണത്തിനിടെ അപകടാവസ്ഥയിൽ നിന്നിരുന്ന പോസ്റ്റ് ഇന്നലെ പുലർച്ചെ 3ന് റോഡിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ വെഞ്ഞാറമൂട് ഫയർഫോഴ്സിലും, വാമനപുരം കെ.എസ്.ഇ.ബി ഓഫീസിലും വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ അധികൃതർ വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം ജെ.സി.ബി ഉപയോഗിച്ച് പോസ്റ്റ് ഉയർത്തി സുരക്ഷിതമായി കെട്ടി നിറുത്തിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. അപകട സമയത്ത് റോഡിലൂടെ സഞ്ചാരം ഇല്ലാതിരുന്നതും ദുരന്തം ഒഴിവാകാൻ കാരണമായി. സീനിയർ ഫയർ ഓഫീസർ അജിത്കുമാർ, ഫയർ ഓഫീസർമാരായ ലിനു, രഞ്ജിത്, സന്തോഷ്, ഹോം ഗാർഡുമാരായ അരുൺ എസ്.കുറുപ്പ്, ശരത്, കെ.എസ്.ഇ.ബി ലൈൻമാന്മാരായ നസീർ, സാജൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.